പുതിയ റെക്കോർഡിട്ടു, താനൊന്നും സംഭാവന ചെയ്തിട്ടില്ലെന്ന് പെപ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസായിരുന്നു സിറ്റിയുടെ വിജയ ഗോൾ നേടിയത്.
ഈ ജയത്തോട് കൂടി സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ഒരു റെക്കോർഡ് കുറിച്ചിട്ടുണ്ട്. സിറ്റിക്ക് വേണ്ടി ഏറ്റവും കൂടുതൽ ജയങ്ങൾ നേടികൊടുത്ത പരിശീലകൻ എന്ന റെക്കോർഡാണ് പെപ് കുറിച്ചത്.303 മത്സരങ്ങളിൽ നിന്ന് 221 ജയങ്ങളാണ് പെപ്പിന് കീഴിൽ സിറ്റി നേടിയിട്ടുള്ളത്.530 മത്സരങ്ങളിൽ നിന്ന് 220 വിജയങ്ങൾ നേടിയ മക്ഡോവലിനെയാണ് പെപ് മറികടന്നത്. എന്നാൽ ഈ വിജയങ്ങൾക്ക് വേണ്ടി താൻ ഒന്നും സംഭാവന ചെയ്തിട്ടില്ലെന്ന് തമാശ രൂപേണ പെപ് അറിയിച്ചിട്ടുണ്ട്. മത്സരശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
Pep made history today #mcfc https://t.co/1D6I842mRR
— Manchester City News (@ManCityMEN) September 25, 2021
” ഈ വിജയിച്ച 221 മത്സരങ്ങളിൽ ഒന്നിൽ പോലും ഞാൻ ഒരു ഗോൾ നേടിയിട്ടില്ല.അയാം സോറി.അടുത്ത വർഷങ്ങളിൽ ഞാൻ സിറ്റിക്ക് വേണ്ടി ഒരു നല്ല സ്ട്രൈക്കറുമാവില്ല.അതുറപ്പാണ്.അത്കൊണ്ട് തന്നെ ഞാൻ ഒന്നും സംഭാവന ചെയ്തിട്ടില്ല എന്ന് പറയേണ്ടി വരും. പക്ഷേ ഈയൊരു റെക്കോർഡ് മറികടക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് എല്ലാവർക്കും വലിയ അഭിമാനമുണ്ട്.അതും ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാർക്കെതിരെ ആയതിൽ സന്തോഷമുണ്ട്.ഈയൊരു മത്സരത്തെ വളരെ ധൈര്യപൂർവ്വമായാണ് താരങ്ങൾ നേരിട്ടത്.ഓരോ മത്സരത്തെയും നല്ല രീതിയിൽ തന്നെയാണ് ഞങ്ങൾ സമീപിക്കുന്നത്.പരാജയങ്ങൾ സംഭവിച്ചാൽ പോലും ഞങ്ങൾ അതിൽ നിന്നും പഠിക്കാനാണ് ശ്രമിക്കാറുള്ളത്.അങ്ങനെ മോശം തീരുമാനങ്ങളിൽ നിന്നും ഞാൻ ഒട്ടേറെ കാര്യങ്ങൾ പഠിച്ചു. കൂടാതെ താരങ്ങൾ അതിന് റെസ്പോണ്ട് ചെയ്തു. അങ്ങനെ ഞങ്ങൾ ഒരുമിച്ചാണ് ഈ അഞ്ച് വർഷത്തിനിടെ ഈയൊരു റെക്കോർഡ് കരസ്ഥമാക്കിയത് ” പെപ് പറഞ്ഞു.
ഇനി ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെയാണ് സിറ്റിക്ക് നേരിടാനുള്ളത്. ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒരു വമ്പൻ ജയം നേടാൻ സിറ്റിക്ക് സാധിച്ചിരുന്നു.