പിഎസ്ജിയുടെ പരിശീലകനാകുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് കോന്റെ!
പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ ഈ സീസണിന് ശേഷം ക്ലബ്ബ് പുറത്താക്കുമെന്നുള്ള വാർത്തകൾ ഏറെ മുമ്പ് തന്നെ വന്നു തുടങ്ങിയിരുന്നു.പോച്ചെട്ടിനോയുടെ പകരക്കാരനായി കൊണ്ട് ആരു വരുമെന്നുള്ളതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടത് അന്റോണിയോ കോന്റെയുടെ പേരായിരുന്നു.
നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന്റെ പരിശീലകനാണ് കോന്റെ. വരുന്ന സമ്മറിൽ അദ്ദേഹം രാജിവെച്ച് കൊണ്ട് പിഎസ്ജിയിൽ ഇത്തിച്ചേരുമെന്നായിരുന്നു റൂമറുകൾ.എന്നാൽ ഈ അഭ്യൂഹങ്ങളെ കോന്റെ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. തികച്ചും വ്യാജമായ വാർത്തകൾ എന്നാണ് കോന്റെ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 30, 2022
” മറ്റുള്ള ക്ലബ്ബുകൾ എന്റെ വർക്കിനെ അഭിനന്ദിക്കുന്നത് നല്ല കാര്യമാണ് എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ആളുകൾ വെറുതെ വാർത്തകൾ പടച്ചു വിടുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല. പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് അവർ അങ്ങനെ ചെയ്യുന്നത്. അതൊരിക്കലും ശരിയായ കാര്യമല്ല. എന്നെയും എന്റെ താരങ്ങളെയും ഉൾപ്പെടുത്തുന്നത് ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണ്. ഞങ്ങൾ നിലവിൽ അവശേഷിക്കുന്ന മത്സരങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മികച്ച റിസൾട്ട് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആളുകൾ ഞങ്ങളോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കണം. ഒരുപാട് നുണകൾ കൂട്ടിച്ചേർത്ത ഇത്തരം വ്യാജ വാർത്തകൾ പടച്ചുവിടുന്നത് ഒഴിവാക്കണം “ഇതാണ് കോന്റെ പറഞ്ഞിട്ടുള്ളത്.
നിലവിൽ പ്രീമിയർലീഗിലെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ടോട്ടൻഹാം. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള ശ്രമങ്ങളാണ് നിലവിൽ കോന്റെയും സംഘവും നടത്തിക്കൊണ്ടിരിക്കുന്നത്.