പരിക്ക്, ചെൽസിയുടെ പുതിയ രണ്ട് താരങ്ങൾക്ക് സീസണിന്റെ തുടക്കം നഷ്ടമായേക്കും !

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ടീമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. ആറു സൂപ്പർ താരങ്ങളെയാണ് ചെൽസി പൊന്നുംവില കൊടുത്ത്കൊണ്ട് യൂറോപ്പിന്റെ വിവിധഭാഗങ്ങളിൽ നിന്നും സ്വന്തമാക്കിയത്. ഇതിൽ ആദ്യത്തെ സൈനിങ്‌ ആയിരുന്നു ഹാകിം സിയെച്ച്. അയാക്സ് താരം ഫെബ്രുവരിയിലായിരുന്നു ചെൽസിയുമായി കരാർ ഉറപ്പിച്ചത്. തുടർന്ന് ബ്രൈറ്റണെതിരെ താരം പ്രീ സീസൺ ഫ്രണ്ട്ലി കുറച്ചു നേരം കളിക്കുകയും ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റിയിൽ നിന്ന് ബ്ലൂസ് സ്വന്തമാക്കിയ പ്രതിരോധനിര താരമാണ് ബെൻ ചിൽവെൽ. അൻപത് മില്യൺ പൗണ്ടിന് ടീമിൽ എത്തിച്ച താരത്തിന് കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ കുറച്ചു മത്സരങ്ങൾ പരിക്ക് മൂലം നഷ്ടമായിരുന്നു. ഇപ്പോഴിതാ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ രണ്ട് പേർക്കും സീസണിന്റെ തുടക്കമത്സരങ്ങൾ നഷ്ടമാവുമെന്നാണ് അറിയാൻ കഴിയുന്നത്. ദി അത്ലറ്റിക് എന്ന മാധ്യമമാണ് ഇരുവർക്കും ആദ്യമത്സരം നഷ്ടമാവും എന്ന് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഈ വരുന്ന തിങ്കളാഴ്ച്ച ബ്രെയിറ്റണെതിരെയാണ് ചെൽസി പ്രീമിയർ ലീഗിലെ ആദ്യ മത്സരം കളിക്കുന്നത്. ഈ മത്സരത്തിൽ ഇരുവരുടെയും സേവനം ലഭിച്ചേക്കില്ല. ഇരുപത്തിയേഴുകാരനായ സിയെച്ചിന് കുറച്ചു ആഴ്ച്ചകൾ നഷ്ടമാവും എന്നാണ് അറിയാൻ കഴിയുന്നത്. ഇരുപത്തിമൂന്നുകാരനായ ചിൽവെൽ കുറഞ്ഞ സമയം കൊണ്ട് തന്നെ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേ സമയം ചെൽസിയുടെ ഫുൾ ബാക്ക് ആയ സെസാർ ആസ്‌പിലിക്യൂട്ട, റീകെ ജെയിംസ് എന്നീ താരങ്ങൾ പരിക്കിൽ നിന്നും മുക്തരായിട്ടുണ്ട്. കൂടാതെ സൂപ്പർ താരം പുലിസിച്ചും പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ പരിക്കിൽ നിന്നും മുക്തി പ്രാപിക്കുന്നുണ്ട്. ഇരുപത്തിയൊന്നുകാരനായ താരം എഫ്എ കപ്പ് ഫൈനലിൽ ആഴ്സണലിനോട് തോറ്റതിന് ശേഷം കളത്തിലിറങ്ങിയിട്ടില്ല. ഈ ആഴ്ച്ചയിൽ തന്നെ ടീമിനൊപ്പം ഫുൾ ട്രെയിനിങ് താരം നടത്തുമെന്നാണ് ഫ്രാങ്ക് ലംപാർഡ് പ്രതീക്ഷിക്കുന്നത്. താരമായിരിക്കും പത്താം നമ്പറിന്റെ പുതിയ അവകാശി എന്നാണ് അറിയാൻ കഴിയുന്നത്. പത്താം നമ്പർ ധരിച്ചിരുന്ന വില്യൻ ടീം വിട്ട് ആഴ്സണലിലേക്ക് പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *