പരാജയപ്പെട്ടു, ഞാൻ പൂർണ്ണമായും തകർന്നു: സലായുടെ കുറിപ്പ്
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഇതോടുകൂടി മാഞ്ചസ്റ്റർ യുണൈറ്റഡും ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കുകയായിരുന്നു.മാഞ്ചസ്റ്റർ സിറ്റി,ആഴ്സണൽ,ന്യൂകാസിൽ യുണൈറ്റഡ് എന്നിവരും നേരത്തെ തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചവരാണ്.അതേസമയം മറ്റൊരു വമ്പൻമാരായ ലിവർപൂളിന് യോഗ്യത ലഭിച്ചില്ല. അടുത്ത സീസണിൽ അവർ യൂറോപ്പ ലീഗിലായിരിക്കും കളിക്കുക.
ഏതായാലും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിക്കാതെ പോയതിന്റെ നിരാശ ലിവർപൂൾ സൂപ്പർതാരമായ മുഹമ്മദ് സലാ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങൾ പരാജയപ്പെട്ടു എന്ന് സലാ തുറന്ന് സമ്മതിക്കുകയാണ് ചെയ്തിട്ടുള്ളത്. താൻ പൂർണ്ണമായും തകർന്നുവന്നും സലാ കൂട്ടിച്ചേർത്തിട്ടുണ്ട്. താരം തന്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്.
I’m totally devastated. There’s absolutely no excuse for this. We had everything we needed to make it to next year’s Champions League and we failed. We are Liverpool and qualifying to the competition is the bare minimum. I am sorry but it’s too soon for an uplifting or optimistic… pic.twitter.com/qZmA9WsueM
— Mohamed Salah (@MoSalah) May 25, 2023
” ഞാൻ പൂർണ്ണമായും തകർന്നിരിക്കുകയാണ്.അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ആവശ്യമായ എല്ലാം ഞങ്ങളുടെ കൈവശമുണ്ടായിരുന്നു.പക്ഷേ ഞങ്ങൾ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ഇതിന് ഒരു ന്യായീകരണവുമില്ല. ഞങ്ങൾ ലിവർപൂൾ ആണ്. ചുരുങ്ങിയത് അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യതയെങ്കിലും ഞങ്ങൾ നേടണമായിരുന്നു.എല്ലാവരും ക്ഷമിക്കണം. ശുഭാപ്തി വിശ്വാസം കാണിക്കാനുള്ള പോസ്റ്റ് പങ്കുവയ്ക്കേണ്ട സമയം ഇതല്ല. അത് നേരത്തെ ആയിപ്പോവും.ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തി, ഞങ്ങളെ തന്നെ നിരാശപ്പെടുത്തുകയും ചെയ്തു” ഇതാണ് സലാ കുറിച്ചിട്ടുള്ളത്.
സീസണിന്റെ തുടക്കത്തിൽ മോശം പ്രകടനം നടത്തിയതാണ് ലിവർപൂളിന് യഥാർത്ഥത്തിൽ തിരിച്ചടിയായിട്ടുള്ളത്.അവസാനമായി കളിച്ച ഒൻപത് മത്സരങ്ങളിൽ എട്ടിലും വിജയിക്കാൻ ലിവർപൂളിന് കഴിഞ്ഞിട്ടുണ്ട്. 37 മത്സരങ്ങളിൽ നിന്ന് 66 പോയിന്റ് ഉള്ള ലിവർപൂൾ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.ഇനി സതാംപ്റ്റണെതിരെയാണ് ലിവർപൂൾ ലീഗിലെ അവസാന മത്സരം കളിക്കുക.