പകരം വെക്കാൻ ബുദ്ധിമുട്ടാണ്,സാഡിയോ മാനെയെ നഷ്ടമായതാണ് ലിവർപൂളിന് തിരിച്ചടിയായത് : മുൻ ചെൽസി താരം!

പ്രീമിയർ ലീഗിലെ വമ്പന്മാരായ ലിവർപൂളിന് ഒരു മോശം തുടക്കമാണ് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്.ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ലിവർപൂളിന് കഴിഞ്ഞിരുന്നില്ല. മോശം ഫോമിലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനോടും ലിവർപൂൾ പരാജയപ്പെടുകയായിരുന്നു. നിലവിൽ പതിനാറാം സ്ഥാനത്താണ് യുർഗൻ ക്ലോപിന്റെ ലിവർപൂൾ ഉള്ളത്.

ഏതായാലും ലിവർപൂളിന്റെ ഈ അവസ്ഥക്ക് കാരണം സാഡിയോ മാനെയെ നഷ്ടമായതാണ് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ചെൽസി താരമായിരുന്ന ക്രിസ് സട്ടൻ. ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാനെ ലിവർപൂൾ വിട്ടുകൊണ്ട് ബയേണിലേക്ക് ചേക്കേറിയത്. താരത്തെ നഷ്ടമായതോടെ ലിവർപൂൾ ആക്രമണനിരയുടെ മൂർച്ച കുറയുകയായിരുന്നു. അതേസമയം ബയേണിൽ മികച്ച ഫോമിലാണ് മാനെ കളിച്ചുകൊണ്ടിരിക്കുന്നത്.

ഏതായാലും മാനെയെ കുറിച്ച് സട്ടൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. “മാനെയെ നഷ്ടമായതാണ് ലിവർപൂളിന് തിരിച്ചടി ഏൽപ്പിച്ച ഏറ്റവും വലിയ കാര്യം.മാനെക്ക് പകരക്കാരാവുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് ” ഇതാണ് സട്ടൻ പറഞ്ഞിട്ടുള്ളത്.

അതേസമയം ഇതിഹാസമായ ജാമി കാരഗർ ചൂണ്ടി കാണിക്കുന്നത് മധ്യനിരയിലെ പ്രശ്നങ്ങളാണ്.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

” ലിവർപൂളിന്റെ യഥാർത്ഥ പ്രശ്നം കിടക്കുന്നത് മധ്യനിരയിലാണ്. അവിടെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല. ഇഞ്ചുറിയുടെ കാര്യത്തിലേക്ക് വരുമ്പോൾ ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ ഒന്നുമില്ല.പക്ഷേ ബെഞ്ചിൽ നിന്ന് വന്നുകൊണ്ട് കളിയെ മാറ്റിമറിക്കാൻ കെല്പുള്ള താരങ്ങളെ പരിക്കു മൂലം ലിവർപൂളിന് നഷ്ടമായിരിക്കുന്നു.എത്രയും പെട്ടെന്ന് ഈ സാഹചര്യത്തിൽ നിന്നും ലിവർപൂൾ പുറത്തു കടക്കേണ്ടിയിരിക്കുന്നു” ഇതാണ് കാരഗർ പറഞ്ഞിട്ടുള്ളത്.

ഇനി ലിവർപൂളിന്റെ അടുത്ത മത്സരം ബേൺമൗത്തിനെതിരെയാണ്.വരുന്ന ശനിയാഴ്ചയാണ് ആ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *