നെയ്മർ പ്രീമിയർ ലീഗിലേക്കില്ലെന്ന് ഉറപ്പാകുന്നു,കാരണം കപ്പൽ യാത്ര!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അദ്ദേഹം പിഎസ്ജി വിടുമെന്നുള്ള വാർത്തകൾ വ്യാപകമായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി,മാഞ്ചസ്റ്റർ യുണൈറ്റഡ്,ന്യൂകാസിൽ എന്നിവരെയൊക്കെ താരവുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ അതിലൊന്നും പുരോഗതി രേഖപ്പെടുത്തിയിട്ടില്ല.
നെയ്മർ പ്രീമിയർ ലീഗിലേക്ക് പോവില്ല എന്നുള്ളത് ഏറെക്കുറെ ഉറപ്പാക്കുന്ന ഒരു കാരണം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.അതായത് നെയ്മർ ജൂനിയർ ഒരു ആഡംബര കപ്പൽ യാത്ര നടത്തുന്നുണ്ട്.നെയ് എം അൾട്ടോമാർ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. 2023 ഡിസംബർ 26 ആം തീയതി മുതൽ ഇരുപത്തി ഒമ്പതാം തീയതി വരെയാണ് ഈ യാത്ര നടക്കുക. നെയ്മർക്കൊപ്പം മൂന്നുദിവസം യാത്ര നടത്താനുള്ള അവസരമാണ് ആരാധകർക്ക് ഇപ്പോൾ കൈവന്നിരിക്കുന്നത്.
Neymar could miss out on a move to the Premier league… because of a cruise 😬
— GOAL News (@GoalNews) June 27, 2023
ഇവിടെ നെയ്മർ പ്രീമിയർ ലീഗിലേക്ക് എത്തില്ല എന്ന് പറയാനുള്ള ഒരു കാരണമായി കൊണ്ട് ഗോൾ ഡോട്ട് കോം ചൂണ്ടിക്കാണിക്കുന്നത് ആ ദിവസങ്ങൾ തന്നെയാണ്. അതായത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളാണ് അത്.പക്ഷേ നെയ്മർ ജൂനിയർ തന്റെ ആഡംബര കപ്പലിലായിരിക്കും ഉണ്ടാവുക. അതിനർത്ഥം നെയ്മർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വരാൻ പദ്ധതികൾ ഇല്ല. ഇത്തരത്തിലുള്ള ഒരു വിലയിരുത്തലാണ് ഗോൾ ഡോട്ട് കോം നടത്തിയിട്ടുള്ളത്.
ഏതായാലും നെയ്മർ ജൂനിയർ തന്നെ ഈ കപ്പലിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ടിക്കറ്റുകൾ പരിമിതമാണെന്നും താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് സീറ്റുകൾ ഉറപ്പാക്കണമെന്നുമാണ് നെയ്മർ പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.കളത്തിന് പുറത്ത് തന്റെ ജീവിതം വളരെയധികം ആസ്വദിക്കുന്ന താരമാണ് നെയ്മർ ജൂനിയർ.