നിങ്ങൾ പോവരുത് : സോൾഷെയറോട് സിറ്റി ഫാൻസിന്റെ അഭ്യർത്ഥന!
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം സമീപകാലത്തെ ഏറ്റവും പ്രതിസന്ധിഘട്ടത്തിലൂടെയാണ് അവർ കടന്നു പോയികൊണ്ടിരിക്കുന്നത്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു യുണൈറ്റഡിനെ ലിവർപൂൾ തകർത്തെറിഞ്ഞത്. ദീർഘകാലത്തിന് ശേഷമാണ് ഓൾഡ് ട്രാഫോഡിൽ ഇത്രയും നാണംകെട്ട തോൽവി യുണൈറ്റഡ് വഴങ്ങുന്നത്.
അവസാനമായി കളിച്ച 4 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. ഈ സീസണിൽ വിജയിച്ചിരുന്ന പല മത്സരങ്ങളും വ്യക്തിഗത മികവിലൂടെയായിരുന്നു.നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് തരംതാഴുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് തന്നെ പരിശീലകനായ സോൾഷെയറെ പുറത്താക്കണമെന്ന ആവിശ്യം വർദ്ധിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ തന്നെയാണ് ഈ ആവിശ്യം ഉന്നയിക്കുന്നത്.
പല പേരുകളും സോൾഷെയറുടെ പകരക്കാരനായി ഉയർന്നു കേൾക്കുന്നുണ്ട്. കോന്റെ, സിദാൻ, ടെൻ ഹാഗ് എന്നീ പേരുകൾ ഒക്കെ അതിൽ പെട്ടതാണ്. എന്നാൽ സോൾഷെയർ പോവരുത് എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം ആൾക്കാരുണ്ട്, മറ്റാരുമല്ല, യുണൈറ്റഡിന്റെ ചിരവൈരികളായ സിറ്റി ആരാധകരാണ് സോൾഷെയർക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റി ആരാധകരുടെ ട്വീറ്റുകൾ ഗോൾ ഡോട്ട് കോം ഒരു ലേഖനമായി പബ്ലിഷ് ചെയ്തിട്ടുമുണ്ട്.
'We want you to stay' – Solskjaer's fate looming over Manchester Derby for City fans https://t.co/gUftuEA85i
— Murshid Ramankulam (@Mohamme71783726) October 26, 2021
കഴിഞ്ഞ ജനുവരിയിൽ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി വിജയിച്ചിരുന്നു. അന്ന് തന്നെ സിറ്റി ആരാധകർ സോൾഷെയർക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള ഒരു ചാന്റ് മുഴക്കിയിരുന്നു. ഇനി നവംബർ 6-ആം തിയ്യതി ഒരു ഡെർബി കൂടി അരങ്ങേറാനുണ്ട്. അതിന് മുമ്പ് സോൾഷെയർ പുറത്താവരുത് എന്ന ആഗ്രഹമാണ് ചില സിറ്റി ആരാധകർ വെച്ച് പുലർത്തുന്നത്.
ഇവിടെയുള്ള ഒരു വിരോധാഭാസം എന്തെന്നാൽ പെപ് ഗ്വാർഡിയോളക്കെതിരെ മികച്ച കണക്കുകളാണ് സോൾഷെയർക്കുള്ളത്.8 മത്സരങ്ങളിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്.നാല് തവണ സോൾഷെയർ വിജയിച്ചപ്പോൾ മൂന്ന് തവണ പരാജയം ഏറ്റുവാങ്ങി.8 ഗോളുകൾ വീതം നേടുകയും വഴങ്ങുകയും ചെയ്തു. മറ്റു പരിശീലകരെ വെച്ചുനോക്കുമ്പോൾ പെപിനെതിരെ സോൾഷെയറുടേത് മികച്ച കണക്കുകളാണ്.
ഏതായാലും അടുത്ത മാഞ്ചസ്റ്റർ ഡെർബിയിൽ സോൾഷെയർ ഉണ്ടാവുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. ടോട്ടൻഹാം, അറ്റലാന്റ എന്നിവരെയാണ് അതിന് മുന്നേ യുണൈറ്റഡിന് നേരിടേണ്ടത്.