നാണംകെട്ട തോൽവികൾ,സ്വന്തം ഗ്രൗണ്ടിനെതിരെ ആഞ്ഞടിച്ച് ടുഷെൽ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന നഗരവൈരികളുടെ പോരാട്ടത്തിൽ വമ്പന്മാരായ ചെൽസിക്ക് അടിതെറ്റിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആഴ്സണലാണ് ചെൽസിയെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് ഈയൊരു തോൽവി ചെൽസിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.

മാത്രമല്ല ഇതിനു മുൻപ് റയൽ മാഡ്രിഡ്,ബ്രന്റ്ഫോർഡ് എന്നിവർക്കെതിരെയും ചെൽസി സ്വന്തം മൈതാനത്ത് കനത്ത തോൽവികൾ ഏറ്റുവാങ്ങിയിരുന്നു. ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി ആകെ 11 ഗോളുകളായിരുന്നു ചെൽസി വാങ്ങിയിരുന്നത്.

ഏതായാലും ഈ തോൽവികൾക്ക് ചെൽസിയുടെ പരിശീലകനായ തോമസ് ടുഷേൽ സ്വന്തം മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിനെ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്.ക്രിസ്റ്റൻസണിന്റെ പിഴവിൽ നിന്നും ചെൽസി വഴങ്ങിയ ആദ്യ ഗോളിന് കാരണമായത് ഗ്രൗണ്ടിന്റെ മോശം അവസ്ഥയാണെന്നും ടുഷെൽ ആരോപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാനിത് പറഞ്ഞെ മതിയാവൂ,ഈ പിച്ചിൽ കളിക്കാൻ വളരെയധികം ബുദ്ധിമുട്ടുണ്ട്. ഒരുപക്ഷേ നിങ്ങൾക്ക് ഇത് ന്യായീകരണമായി തോന്നിയേക്കാം. പക്ഷേ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു പിച്ചാണ് ഞങ്ങൾക്കിവിടെ ഉള്ളത്. ഇതൊരിക്കലും ഞങ്ങൾക്ക് അനുകൂലമാവുന്നില്ല.ക്രിസ്റ്റൻസൺ കളിച്ചിരുന്ന ആ ബോൾ വളരെ വിചിത്രമായി ഉയർന്നു പൊന്തുകയായിരുന്നു ” ഇതാണ് ടുഷെൽ പറഞ്ഞത്.

ചെൽസിയുടെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ അടുത്ത മത്സരം വെസ്റ്റ് ഹാമിനെതിരെയാണ്.കൂടാതെ വോൾവ്സ്,ലെസ്റ്റർ സിറ്റി,വാട്ട്ഫോർഡ് എന്നിവർക്കെതിരെയും സ്വന്തം മൈതാനത്ത് വെച്ച് ചെൽസിക്ക് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *