നമ്പർ 1, ക്രിസ്റ്റ്യാനോക്ക് വിനീഷ്യസിന്റെ പ്രശംസ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. ഇതോടെ തന്റെ പ്രൊഫഷണൽ കരിയറിൽ 800 ഗോളുകൾ പൂർത്തിയാക്കാനും റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.
ഏതായാലും ഈ മത്സരത്തിന് ശേഷം റൊണാൾഡോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒരു സന്ദേശം പങ്കു വെച്ചിരുന്നു.അതിങ്ങനെയാണ്
” ഞങ്ങളുടെ മൈൻഡ് ഇപ്പോൾ തന്നെ അടുത്ത മത്സരത്തിനുള്ള ഒരുക്കത്തിലാണ്.ഇവിടെ ആഘോഷിക്കാനൊന്നും സമയമില്ല.ട്രാകിലേക്ക് തിരിച്ചെത്തുന്നതിൽ ഇന്നത്തെ മത്സരത്തിലെ വിജയത്തിന് വലിയ പ്രാധാന്യമുണ്ട്.പക്ഷേ ഞങ്ങളുടെ ലക്ഷ്യസ്ഥലത്തെത്താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.ഞാൻ എന്റെ എല്ലാ സഹതാരങ്ങളെയും അഭിനന്ദിക്കുന്നു. നല്ലൊരു സ്പിരിറ്റാണ് ഇന്ന് അവർ കാഴ്ച്ചവെച്ചത്.കൂടാതെ ആരാധകർക്കും നന്ദി പറയുന്നു.നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്കിത് സ്വന്തമാക്കാൻ കഴിയുമായിരുന്നില്ല ” ഇതായിരുന്നു റൊണാൾഡോ കുറിച്ചത്.
"Número 1"
— ESPN FC (@ESPNFC) December 2, 2021
Vinicius Jr. to Cristiano Ronaldo 🙌 pic.twitter.com/FOr4yrVzQj
എന്നാൽ ഈയൊരു പോസ്റ്റിന് താഴെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രശംസകൾ ചൊരിഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ. നമ്പർ 1 എന്നാണ് ഇതിന് കമന്റ് രൂപത്തിൽ വിനീഷ്യസ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് വിനീഷ്യസ്.
അതേസമയം നിലവിൽ ഒരല്പം വിമർശനങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ കളത്തിലെ പ്രകടനം അദ്ദേഹത്തിനും ആരാധകർക്കും ആശ്വാസം നൽകുന്ന കാര്യമാണ്.