തൊട്ടതെല്ലാം പിഴച്ച് ഡേവിഡ് ലൂയിസ്, സിറ്റിയുടെ മൂന്നടിയിൽ ഗണ്ണേഴ്‌സ്‌ തകർന്നടിഞ്ഞു

ആഴ്‌സണൽ താരം ഡേവിഡ് ലൂയിസിന് തൊട്ടതെല്ലാം പിഴച്ചപ്പോൾ അവസരങ്ങൾ മുതലെടുത്ത മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗണ്ണേഴ്‌സിനെ തകർത്തുകൊണ്ടാണ് സിറ്റി പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കിയത്. ആദ്യപകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകൾ നേടിയാണ് സിറ്റി വിജയമുറപ്പിച്ചത്. സിറ്റിക്ക് വേണ്ടി സ്റ്റെർലിങ്, ഡിബ്രൂയിൻ, ഫിൽ ഫോഡൻ എന്നിവരാണ് വലകുലുക്കിയത്. ആഴ്‌സണൽ ഗോൾ കീപ്പർ ബെർണാഡ് ലെനോയുടെ മികച്ച പ്രകടനമാണ് വലിയൊരു നാണക്കേടിൽ നിന്നും ടീമിനെ രക്ഷിച്ചത്. രണ്ട് ഗോളുകൾക്ക് കാരണക്കാരനാവുകയും ചുവപ്പ് കാർഡ് കണ്ടു പുറത്തു പോവുകയും ചെയ്ത് ലൂയിസ് ഇന്നലത്തെ മത്സരത്തിൽ ദുരന്തനായകനാവുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതലേ സിറ്റി ആക്രമണനിര ആഴ്‌സണൽ ബോക്സിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ആദ്യഗോൾ പിറക്കാൻ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് വരെ കാത്തിരിക്കേണ്ടി വന്നു. ഡേവിഡ് ലൂയിസിന്റെ പിഴവിൽ നിന്ന് തനിക്ക് ലഭിച്ച പന്ത് തകർപ്പനൊരു ഷോട്ടിലൂടെ സ്റ്റെർലിങ് വലയിലാക്കുകയായിരുന്നു.ഈ ഗോളിന്റെ ലീഡുമായി സിറ്റി രണ്ടാം പകുതിയിൽ ഇറങ്ങി. 51-ആം മിനുട്ടിലാണ് സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുന്നത്. മഹ്റസിനെ വീഴ്ത്തിയതിന് ലൂയിസിന് റെഡ് കാർഡും ഒപ്പം സിറ്റിക്ക് പെനാൽറ്റിയും ലഭിക്കുകയായിരുന്നു. പെനാൽറ്റി എടുത്ത ഡിബ്രൂയിൻ വിജയകരമായി ലക്ഷ്യം കണ്ടു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ഫോഡനും ഗോൾ നേടി പട്ടിക തികച്ചു. അഗ്വേറൊയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയെങ്കിലും തകർപ്പനൊരു ഷോട്ടിലൂടെ ഫോഡൻ അത് വലയിലെത്തിച്ചു. ജയത്തോടെ സിറ്റി രണ്ടാം സ്ഥാനം ഭദ്രമാക്കി. 29 മത്സരങ്ങളിൽ നിന്ന് പത്തൊൻപത് വിജയവുമായി അറുപതു പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം. ഇതേ മത്സരങ്ങളിൽ നിന്ന് 82 പോയിന്റുള്ള ലിവർപൂൾ ആണ് ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *