തെറ്റൊക്കെ ആർക്കും പറ്റും,ഇനി ക്ലിക്കായാൽ മതി:സാഞ്ചോയെ കുറിച്ച് ടെൻഹാഗ്
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സൂപ്പർ താരം ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അവസാനമായി കളിച്ചത്. തുടർന്ന് ടെൻ ഹാഗ് അദ്ദേഹത്തെ ടീമിൽ നിന്നും പുറത്താക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ സാഞ്ചോ ടെൻഹാഗിനെ വിമർശിക്കുകയായിരുന്നു. മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും സാഞ്ചോ അതിന് തയ്യാറായില്ല. ഇതോടുകൂടിയാണ് അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്. പിന്നീട് ലോൺ അടിസ്ഥാനത്തിൽ അദ്ദേഹം ബൊറൂസിയയിലേക്ക് പോയി.
ഇപ്പോൾ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ താരം കളിക്കുകയും ചെയ്തിട്ടുണ്ട്.തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടു എന്നത് യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇനി സാഞ്ചോ ക്ലബ്ബിൽ ക്ലിക്ക് ആവേണ്ടതുണ്ടെന്നും ടെൻ ഹാഗ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞങ്ങൾ നല്ല രൂപത്തിൽ സംസാരിച്ച് പരിഹരിച്ചിട്ടുണ്ട്.തെറ്റ് ആർക്കുവേണമെങ്കിലും പറ്റാം.താരങ്ങളുടെ ഭാഗത്തുനിന്ന് ഇത് സംഭവിക്കുകയാണെങ്കിൽ നമ്മൾ ഒരു ലൈൻ വരക്കും, എന്നിട്ട് മുന്നോട്ടു പോകും. ഈ ക്ലബ്ബിന് മികച്ച താരങ്ങളെ ആവശ്യമുണ്ട്.സാഞ്ചോ ഒരു മികച്ച താരമാണെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. അദ്ദേഹം ക്ലിക്ക് ആകുമെന്നും ടീമിന് കോൺട്രിബ്യൂട്ട് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ജേഡൻ സാഞ്ചോ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി പിഎസ്ജി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. മികച്ച ഓഫർ പിഎസ്ജി നൽകുകയാണെങ്കിൽ ഒരുപക്ഷേ താരത്തെ യുണൈറ്റഡ് കൈവിട്ടേക്കും. വലിയ തുക നൽകി കൊണ്ടായിരുന്നു യുണൈറ്റഡ് സാഞ്ചോയെ ബൊറൂസിയയിൽ നിന്നും സ്വന്തമാക്കിയിരുന്നത്.