തുടർച്ചയായ മൂന്നാം മത്സരത്തിലും റൊണാൾഡോ ബെഞ്ചിൽ,ഗുരുതരകുറ്റകൃത്യമെന്നും ആഴ്സണലിനെതിരെ ഇറക്കണമെന്നും ആരാധകർ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ജേഡൻ സാഞ്ചോയായിരുന്നു യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. തുടർച്ചയായ മൂന്നാം വിജയമാണ് യുണൈറ്റഡ് കരസ്ഥമാക്കിയത്. എന്നാൽ ഈ മൂന്ന് മത്സരങ്ങളിലും സൂപ്പർ താരം റൊണാൾഡോയെ ടെൻ ഹാഗ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരക്കാരന്റെ റോളിലായിരുന്നു റൊണാൾഡോ ഈ മത്സരങ്ങളിൽ ഇറങ്ങിയിരുന്നത്.

എന്നാൽ ഇതിനെതിരെ ട്വിറ്ററിൽ ഇപ്പോൾ ആരാധകർ വലിയ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.റാഷ്ഫോർഡ്,എലാങ്ക എന്നിവരിൽ ഒരാൾക്ക് പകരം നിർബന്ധമായും റൊണാൾഡോയെ കളിപ്പിക്കണമെന്നാണ് പലരുടെയും അഭിപ്രായം. വരുന്ന ആഴ്സണലിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോയെ സ്റ്റാർട്ട് ചെയ്യിക്കണമെന്നും എന്നാൽ മാത്രമേ യുണൈറ്റഡിന്റെ ഗോൾ ക്ഷാമം അവസാനിക്കുകയുള്ളൂ എന്നുമാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഏതായാലും ചില ആരാധകരുടെ ട്വീറ്റുകൾ നമുക്കൊന്ന് പരിശോധിക്കാം.

” ഇന്നലെ റാഷ്ഫോർഡ് 85 മിനുട്ട് ചെയ്തതിനേക്കാൾ കൂടുതൽ റൊണാൾഡോ 5 മിനുട്ട് കൊണ്ട് ചെയ്തിട്ടുണ്ട് ” ഇതായിരുന്നു ഒരു ആരാധകന്റെ അഭിപ്രായം.

” ആകെ ഒരു ഗോൾ മാത്രമാണ് ഈ മത്സരത്തിൽ നേടാൻ കഴിഞ്ഞത്.ആഴ്സണലിനെതിരെ ഇതൊന്നും നടക്കാൻ പോകുന്നില്ല.റൊണാൾഡോയെ സ്റ്റാർട്ട് ചെയ്യിപ്പിക്കണം ” മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടു.

” എലാങ്ക,റാഷ്ഫോർഡ് എന്നിവരെ ഒരുമിച്ച് കളിപ്പിച്ചുകൊണ്ട് റൊണാൾഡോയെ പുറത്തെടുക്കാൻ കഴിയില്ല.അത് ഗുരുതരമായ കുറ്റകൃത്യമാണ്. മൂന്ന് വിജയങ്ങൾ നേടിയിട്ടും ഗോളുകളുടെ കാര്യത്തിൽ പിറകിലാണ്. റൊണാൾഡോ വന്നേ മതിയാവൂ ” ഒരു ആരാധകൻ ട്വീറ്റ് ചെയ്തു.

” ഇന്നത്തെ മത്സരത്തിൽ എലാങ്കയേക്കാൾ നന്നായി കളിച്ചത് റൊണാൾഡോയാണ്. അദ്ദേഹത്തെ അടുത്ത മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണം ” ഇതാണ് മറ്റൊരു ആരാധകൻ ട്വീറ്റ് ചെയ്തത്.

ചുരുക്കത്തിൽ അടുത്ത മത്സരത്തിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണമെന്നുള്ള ആവശ്യം വളരെ ശക്തമാണ്. 5 മത്സരങ്ങളിൽ അഞ്ചും വിജയിച്ച ആഴ്സണലിനെയാണ് ഇനി യുണൈറ്റഡിന് നേരിടാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *