തിരിച്ചു വരണമെന്ന് ലുക്കാക്കു, ആവിശ്യമില്ലെന്ന് ഇന്റർ ഫാൻസ്‌!

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം റൊമേലു ലുക്കാക്കു ഇന്റർ മിലാൻ വിട്ടു കൊണ്ട് ചെൽസിയിലേക്ക് എത്തിയിരുന്നത്. നൂറ് മില്യൺ പൗണ്ടെന്ന റെക്കോർഡ് തുകയായിരുന്നു താരത്തിന് വേണ്ടി ചെൽസി ചിലവഴിച്ചത്. എന്നാൽ ആറ് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും പ്രശ്നങ്ങൾ പുറപ്പെട്ടു. ചെൽസിയിൽ താൻ ഹാപ്പിയല്ല എന്നുള്ള കാര്യം ലുക്കാക്കു തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്റർ ആരാധകരോടും ചില കാര്യങ്ങൾ ലുക്കാക്കു പറഞ്ഞിരുന്നു. അതിങ്ങനെയാണ്.

” ശരിക്കും ഇന്റർ മിലാൻ വിടാൻ പാടില്ലായിരുന്നു. അതിന് ഞാൻ ഇന്റർ മിലാൻ ആരാധകരോട് ക്ഷമചോദിക്കുന്നു. ഇന്റർ എന്റെ ഹൃദയത്തിലാണുള്ളത്. ഇനിയും അവിടെ കളിക്കാനാവുമെന്നാണ് എന്റെ പ്രതീക്ഷകൾ. ഇന്ററിലേക്ക് മടങ്ങാൻ ഞാനെന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആഗ്രഹിക്കുന്നു.കരിയറിന്റെ അവസാനസമയത്തല്ല, ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ തന്നെ എനിക്ക് ഇന്ററിലേക്ക് മടങ്ങണം ” ഇതായിരുന്നു ലുക്കാക്കു പറഞ്ഞിരുന്നത്.

എന്നാൽ ലുക്കാക്കുവിന്റെ ആഗ്രഹത്തെ ഇന്റർ ഫാൻസ്‌ മുളയിലേ നുള്ളിയിട്ടുണ്ട്. ലുക്കാക്കുവിനെ ആവിശ്യമില്ലെന്നും ഇനി ഇന്ററിലേക്ക് മടങ്ങിവരേണ്ടതില്ല എന്ന നിലപാടാണ് ഇന്റർ ഫാൻസ് കൈക്കൊണ്ടിരിക്കുന്നത്. സാൻസിറോയുടെ പുറത്ത് ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ഒരു ബാനറും ഇവർ സ്ഥാപിച്ചിട്ടുണ്ട്. അതിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

“മഴയത്ത് ആരൊക്കെ ഓടിപ്പോയി എന്നുള്ളത് കാര്യമാക്കുന്നില്ല.മറിച്ച് കൊടുങ്കാറ്റിൽ ആരൊക്കെ നിലകൊണ്ടു എന്നുള്ളതിലാണ് കാര്യം. ബൈ റൊമേലു ” ഇതായിരുന്നു എഴുതിയിരുന്നത്.

ഇതോടെ ലുക്കാക്കുവിന്റെ പ്രസ്താവന അദ്ദേഹത്തിന് തന്നെ തലവേദനയായിരിക്കുകയാണ്. എന്തെന്നാൽ ചെൽസി ആരാധകർക്ക് തന്നെ ലുക്കാക്കുവിൽ അതൃപ്തിയുണ്ട്. ഇതിന് പുറമേയാണ് ഇന്റർ ആരാധകരും താരത്തെ ഇപ്പോൾ കൈവിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *