തിയാഗോ സിൽവക്കും ആദ്യമത്സരം നഷ്ടമായേക്കും? ചെൽസിക്ക് തിരിച്ചടി !

ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിച്ച ചെൽസി ഏറെ പ്രതീക്ഷകളോടെയാണ് പുതിയ പ്രീമിയർ ലീഗ് സീസണിനെ വരവേൽക്കുന്നത്. ആക്രമണനിരയിലേക്ക് ടിമോ വെർണർ, കായ് ഹാവെർട്സ്, ഹാകിം സിയെച്ച് എന്നിവരെ എത്തിച്ച ബ്ലൂസ് പ്രതിരോധനിരയിലേക്ക് തിയാഗോ സിൽവ, ബെൻ ചിൽവെൽ, മലങ് സർ എന്നിവരെയും എത്തിച്ചിരുന്നു. എന്നാലിപ്പോൾ പ്രീമിയർ ലീഗ് തുടങ്ങാനിരിക്കെ മൂന്നു താരങ്ങളുടെ പരിക്ക് ചെൽസിക്ക് തിരിച്ചടിയേൽപ്പിച്ചിരിക്കുകയാണ്. ഹാകിം സിയെച്ച്, ബെൻ ചിൽവെൽ, തിയാഗോ സിൽവ എന്നിവരുടെ പരിക്കുകളാണ് ലംപാർഡിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. മൂവരും തിങ്കളാഴ്ച്ച നടക്കുന്ന പ്രീമിയർ ലീഗിലെ ആദ്യ മത്സരം കളിക്കാൻ സാധ്യത കുറവാണ് എന്നാണ് ലംപാർഡ് വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രൈറ്റണെതിരെയാണ് ചെൽസി ആദ്യമത്സരം കളിക്കുന്നത്. പ്രീ സീസൺ മത്സരത്തിനിടെയാണ് സിയെച്ചിന് പരിക്കേറ്റത്. അതേ സമയം ചിൽവെല്ലിന് കഴിഞ്ഞ സീസണിൽ തന്നെ പരിക്കുകൾ അലട്ടിയിരുന്നു. സിൽവയാവട്ടെ പരിശീലനം തുടങ്ങിയിട്ടുമില്ല. പരിക്ക് തന്നെയാണ് കാരണമെന്നാണ് പ്രാഥമികനിഗമനം.

” ബ്രൈറ്റണെതിരായ സൗഹൃദമത്സരത്തിലാണ് സിയെച്ചിന് പരിക്കേറ്റത്. അദ്ദേഹം മത്സരത്തിന് തയ്യാറല്ല. അദ്ദേഹം പരിക്കിൽ നിന്നും മുക്തി നേടാൻ ആഴ്ച്ചകൾ എടുക്കും. എന്താണ് സംഭവിക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നു. ചിൽവെൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹം ഒരുപാട് മെച്ചപ്പെട്ടു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചെടുത്തോളം നല്ല വാർത്തയാണ്. എന്നാൽ വരുന്ന മത്സരത്തിന് താരം സജ്ജനല്ല. സിൽവ ലണ്ടനിൽ തന്നെയുണ്ട്. പക്ഷെ ഇതുവരെ ഞങ്ങളോടൊപ്പം പരിശീലനം നടത്തിയിട്ടില്ല. അത്കൊണ്ട് തന്നെ അദ്ദേഹവും കളിക്കുന്ന കാര്യം സംശയത്തിലാണ് ” ലംപാർഡ് പറഞ്ഞു. അതേ സമയം ക്രിസ്ത്യൻ പുലിസിച്ച്, സെസാർ ആസ്‌പിലിക്യൂട്ട എന്നിവർ പരിക്കിൽ നിന്നും മുക്തി നേടിയിട്ടുണ്ട്. എഫ്എ കപ്പ് ഫൈനലിലായിരുന്നു ഇരുവർക്കും പരിക്കേറ്റിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *