താൻ സംസാരിച്ചാൽ തീ പടരുമെന്ന് സലാ, എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് ക്ലോപ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.വെസ്റ്റ്‌ ഹാം യുണൈറ്റഡായിരുന്നു അവരെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു.ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ സൂപ്പർ താരം മുഹമ്മദ് സലാക്ക് സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 79ആം മിനിട്ടിലാണ് അദ്ദേഹം കളിക്കളത്തിലേക്ക് എത്തിയത്. പകരക്കാരനായി ഇറങ്ങുന്ന സമയത്ത് ലിവർപൂൾ പരിശീലകനായ ക്ലോപുമായി സലാ വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.ക്ലോപിനോട് വളരെയധികം ദേഷ്യപ്പെട്ടു കൊണ്ടായിരുന്നു സലാ സംസാരിച്ചിരുന്നത്.

ഇതോടുകൂടി ലിവർപൂളിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് പലർക്കും ആശ്ചര്യം ജനിപ്പിക്കുകയാണ് ചെയ്തത്. ഈ വിഷയത്തെക്കുറിച്ച് മത്സരശേഷം സലായോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.ഒരല്പം വിചിത്രമായ മറുപടിയാണ് അദ്ദേഹം നൽകിയത്.താൻ ഇപ്പോൾ അതേക്കുറിച്ച് സംസാരിച്ചാൽ ഇവിടെ തീ പടരും എന്നായിരുന്നു സലാ പറഞ്ഞിരുന്നത്. ഇതോടെ ക്ലബ്ബിനകത്ത് പ്രശ്നം ഗുരുതരമാണെന്ന് വ്യക്തമായി.

ഈ പ്രശ്നത്തെക്കുറിച്ച് ക്ലോപിനോട് പിന്നീട് മാധ്യമപ്രവർത്തകർ വിശദീകരണം തേടിയിരുന്നു. എന്നാൽ ഡ്രസിങ് റൂമിൽ വെച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.ലിവർപൂൾ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആ സംഭവത്തെക്കുറിച്ച് ഡ്രസിങ് റൂമിൽ വെച്ച് ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടുണ്ട്.അത് അവിടെ അവസാനിച്ചിട്ടുണ്ട്.എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്.സലായും അങ്ങനെ തന്നെയാണ് കരുതുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത് “ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിന് ശേഷം ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഒഴിയാൻക്ലോപ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നാളുകൾ അദ്ദേഹത്തിന് വളരെയധികം കഠിനമാകുന്ന കാഴ്ചകളാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.ഈ സീസണിന് ശേഷം സലായും ലിവർപൂൾ വിട്ടുകൊണ്ട് സൗദി അറേബ്യയിലേക്ക് പോകുമെന്നുള്ള റൂമറുകൾ ഇതോടെ ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *