താരങ്ങളെ ശാന്തരാക്കണം,ട്രെയിനിങ് ക്യാമ്പിലേക്ക് വളർത്തുനായയെ കൊണ്ടുവന്ന് ആർടെറ്റ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ആഴ്സണലിന് രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 8 പോയിന്റിന്റെ ലീഡ് ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കളഞ്ഞ് കുളിക്കുന്ന ആഴ്സണലിനെയാണ് നമുക്ക് പിന്നീട് കാണാൻ കഴിഞ്ഞത്. അവസാനമായി കളിച്ച 7 ലീഗ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ആഴ്സണൽ വിജയിച്ചിട്ടുള്ളത്.മാത്രമല്ല അവരുടെ പ്രീമിയർ ലീഗ് കിരീട പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തു.

ഇത്തവണത്തെ പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റി നേടുമെന്ന ഉറപ്പായി കഴിഞ്ഞ കാര്യമാണ്. കിരീടം നഷ്ടമായതും സമീപകാലത്തെ മോശം പ്രകടനവുമൊക്കെ ആഴ്സണൽ താരങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് മാനസികമായി താരങ്ങൾ എല്ലാവരും തളർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ താരങ്ങളെ ശാന്തരാക്കാനും ഹാപ്പിയാക്കാനും വേണ്ടി പുതിയ ഒരു മാർഗ്ഗം ആഴ്സണലിന്റെ പരിശീലകനായ ആർട്ടെറ്റ പ്രയോഗിച്ചിട്ടുണ്ട്.

അതായത് ഒരു വളർത്തു നായയെ അദ്ദേഹം ഡ്രസ്സിംഗ് റൂമിലേക്കും ട്രെയിനിങ് ക്യാമ്പിലേക്കും കൊണ്ടുവന്നിട്ടുണ്ട്. ചോക്ലേറ്റ് ലാബ്രഡോർ എന്ന ഇനത്തിൽ പെട്ട നായയെയാണ് ആർട്ടെറ്റ കൊണ്ടുവന്നിട്ടുള്ളത്. വിജയം എന്നാണ് ഈ നായക്ക് പേര് നൽകിയിട്ടുള്ളത്.ട്രെയിനിങ് ഗ്രൗണ്ടുകളിൽ ഈ നായ ഇപ്പോൾ സജീവമാണ്. മാത്രമല്ല ഇതിനെ പരിപാലിക്കാൻ ഒരു വ്യക്തിയെ ആഴ്സണൽ പരിശീലകൻ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ടീമിന്റെ വിജയത്തിനും മികച്ച പ്രകടനത്തിനും വേണ്ടി ചെറിയ കാര്യങ്ങൾക്ക് പോലും വളരെയധികം പ്രാധാന്യം നൽകുന്ന ഒരു പരിശീലകനാണ് ആർട്ടെറ്റ. നായകളുമായി ഇടപെടുന്നത് മാനസികാരോഗ്യം വർധിപ്പിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സാധിക്കുമെന്നുള്ളത് ഗവേഷണങ്ങളിലൂടെ തെളിഞ്ഞതാണ്. നായയുടെ സാന്നിധ്യം ക്ലബ്ബിലെ താരങ്ങളുടെ മനോവീര്യം വർധിക്കാൻ സഹായിക്കുമെന്നാണ് ആഴ്സണൽ പരിശീലകൻ ഉറച്ചു വിശ്വസിക്കുന്നത്. അതിന്റെ ഭാഗമായി കൊണ്ടാണ് അദ്ദേഹം ഈ ചോക്ലേറ്റ് ലാബ്രഡോറിനെ ടീമിനോടൊപ്പം ചേർത്തിരിക്കുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നോട്ടിങ്ഹാം ഫോറസ്റ്റ്,വോൾവ്സ് എന്നിവരാണ് ഇനി അടുത്ത മത്സരങ്ങളിൽ ആഴ്സണലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *