താരങ്ങളെ ഇങ്ങനെ വാങ്ങികൂട്ടുന്നത് നിർത്തൂ: ബോഹ്ലിയോട് കാരഗർ!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ ട്രാൻസ്ഫർ പോളിസി ഇപ്പോൾ ഒരല്പം വിചിത്രമാണ്. പുതിയ ഉടമസ്ഥനായി ടോഡ് ബോഹ്ലി എത്തിയതിനുശേഷമാണ് കാര്യങ്ങൾ മാറ്റം വന്നത്. ഒരുപാട് താരങ്ങളെ അവർ വാങ്ങിക്കൂട്ടുകയായിരുന്നു. സമീപകാലത്ത് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ക്ലബ്ബുകളിൽ ഒന്ന് ചെൽസി തന്നെയാണ്.ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാത്രമായി 9 താരങ്ങളെ അവർ സ്വന്തമാക്കി കഴിഞ്ഞു.
ഏറ്റവും ഒടുവിൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ജാവോ ഫെലിക്സിനെയാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ വലിയ ഒരു സ്‌ക്വാഡ് തന്നെ ചെൽസിക്ക് അവകാശപ്പെടാൻ സാധിക്കുന്നുണ്ട്. ഓരോ പൊസിഷനുകളിലും നിരവധി താരങ്ങളെ അവർക്ക് ലഭ്യമാണ്. ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇതിഹാസതാരമായ ജാമി കാരഗർ. ഇങ്ങനെ താരങ്ങളെ വാങ്ങി കൂട്ടുന്നത് നിർത്താനാണ് അദ്ദേഹം ടോഡ് ബോഹ്ലിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.കാരഗറുടെ വാക്കുകൾ ഇങ്ങനെയാണ്.
“ചെൽസി ഈ താരങ്ങളെ ഇങ്ങനെ വാങ്ങിക്കൂട്ടുന്നത് നിർത്താൻ സമയമായിട്ടുണ്ട്. താരങ്ങൾ ചെൽസിയിലേക്ക് പോകുന്നത് അവസാനിപ്പിക്കാനും സമയമായിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു താരമാണെങ്കിൽ നിലവിലെ അവസ്ഥയിൽ ചെൽസിയിലേക്ക് പോകില്ല. ഒരുപക്ഷേ നിങ്ങൾക്ക് ഏഴു വർഷത്തെ കരാറും വലിയ സാലറിയും ലഭിച്ചേക്കാം.പക്ഷേ അതാണോ ഫുട്ബോൾ.നിങ്ങൾ ചെയ്യേണ്ടത് ഒരു പ്രോപ്പർ ക്ലബ്ബിലേക്ക് പോവുക.നാല് വർഷത്തേക്ക് കരാർ സൈൻ ചെയ്യുക.ഈ താരങ്ങൾ എന്തുകൊണ്ടാണ് ഏഴു വർഷത്തേക്കൊക്കെ കോൺട്രാക്ട് സൈൻ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഇത്രയും സൂപ്പർ താരങ്ങളെ വാങ്ങിക്കൂട്ടിയിട്ട് എന്ത് ചെയ്യാനാണ്? എവിടെ കളിപ്പിക്കാനാണ്? ചെൽസി ഒരു എക്സൈറ്റ്മെന്റും നൽകുന്നില്ല ” ഇതാണ് കാരഗർ പറഞ്ഞിട്ടുള്ളത്.
നിലവിൽ 33 താരങ്ങളാണ് ചെൽസിയുടെ സീനിയർ ടീമിന്റെ സ്‌ക്വാഡിൽ ഉള്ളത്. അതിനർത്ഥം എല്ലാ മാച്ച് ഡേയിലും സ്‌ക്വാഡിൽ നിന്ന് 10 താരങ്ങൾ പുറത്തിരിക്കേണ്ടി വരും എന്നുള്ളതാണ്.ഇതിനുപുറമേ ബെഞ്ചിലിരിക്കേണ്ടി വരുന്ന വേറെയും താരങ്ങൾ. ചുരുക്കത്തിൽ ചെൽസിയിലെ പല താരങ്ങൾക്കും വേണ്ടത്ര അവസരങ്ങൾ ലഭിച്ചേക്കില്ല. ഇതിനെതിരെയാണ് കാരഗർ രൂക്ഷ വിമർശനങ്ങൾ ഒന്നിച്ചിട്ടുള്ളത്.