താനായിരുന്നുവെങ്കിലും ലോ സെൽസോയെ ബ്രൂണോക്ക് വേണ്ടി കൈമാറില്ലായിരുന്നുവെന്ന് മൊറീഞ്ഞോ

ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് മാഞ്ചെസ്റ്റെർ യുണൈറ്റഡിലേക്ക് എത്തിയിരുന്നത്. ക്ലബിൽ എത്തിയ ശേഷം തകർപ്പൻ ഫോമിലാണ് ഈ പോർച്ചുഗീസ് മിഡ്ഫീൽഡർ പന്തുതട്ടുന്നത്. താരം കളിച്ച എട്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഗോളും അസിസ്റ്റുമായി എട്ട് ഗോൾ പങ്കാളിത്തം താരം ഇതുവരെ വഹിച്ചു കഴിഞ്ഞു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും മുൻപേ തന്നെ താരത്തിനെ ക്ലബിൽ എത്തിക്കാൻ വേണ്ടി ശ്രമിച്ച ക്ലബായിരുന്നു ടോട്ടൻഹാം. എന്നാൽ താരത്തിന്റെ വിലയെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കാരണം കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ഈ ഡീൽ നടക്കാതെ പോയി. അന്നത്തെ പരിശീലകനായിരുന്ന പൊച്ചേട്ടിനോ റയൽ ബെറ്റിസിൽ നിന്ന് അർജന്റൈൻ താരം ലോ സെൽസോ ലോണിൽ ക്ലബിൽ എത്തിക്കുകയായിരുന്നു. പിന്നീട് ജനുവരി ട്രാൻസ്ഫറിൽ ലോ സെൽസോയെ ടോട്ടൻഹാം സ്ഥിരമാക്കുകയും ബ്രൂണോയെ മാഞ്ചസ്റ്റർ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഈ സീസണിൽ കഴിഞ്ഞ 21 ലീഗ് മത്സരങ്ങളിൽ ഒരു ഗോളോ ഒരു അസിസ്റ്റോ നേടാൻ ലോ സെൽസോക്ക് കഴിഞ്ഞിരുന്നില്ല.

ഇത് കൊണ്ടു തന്നെ ഇപ്പോൾ ടോട്ടൻഹാം ആരാധകർക്കിടയിൽ ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. ലോ സെൽസോയെ വാങ്ങിയതു മണ്ടത്തരമായെന്നും ബ്രൂണോയെ ടീമിൽ എത്തിക്കാൻ ടോട്ടൻഹാം പൊച്ചേട്ടിനോയും നോക്കണമായിരുന്നു എന്നാണ് ആരാധകർക്കിടയിൽ ഉയർന്നു വരുന്ന വിമർശനം.എന്നാൽ ഈ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നിലവിലെ സ്പർസ് പരിശീലകൻ മൊറീഞ്ഞോ. താനായിരുന്നുവെങ്കിലും അങ്ങനെ തന്നെയാണ് ചെയ്യുക എന്നാണ് അദ്ദേഹം പറഞ്ഞത്. ബ്രൂണോക്ക് വേണ്ടി സെൽസോയെ കൈമാറാനൊന്നും താൻ മുതിരില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ” ആ കാര്യത്തെ കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ല. പക്ഷെ അത് സത്യമാണെങ്കിൽ, ബ്രൂണോയെ മറികടന്നാണ് ലോ സെൽസോ ടീമിൽ എത്തിയതെങ്കിൽ ഞാൻ ഒരിക്കലും ലോ സെൽസോയെ ബ്രൂണോക്ക് വേണ്ടി കൈമാറില്ല. ബ്രൂണോ എന്നല്ല, മറ്റേത് താരത്തിന് വേണ്ടിയും ഞാൻ സെൽസോ കൈമാറില്ല ” സ്കൈ സ്പോർട്സിനോട് മൊറീഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *