തന്റെ ആരാധനാപാത്രത്തെ വെളിപ്പെടുത്തി യുണൈറ്റഡിന്റെ പുതിയ താരമായ ടൈറൽ മലാസിയ!

ഫെയെനൂർദിൽ നിന്നും ഡച്ച് താരമായ ടൈറൽ മലാസിയയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഫിഷ്യലായി പുറത്തുവിടുകയും ചെയ്തിരുന്നു.ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് മലാസിയ കളിക്കാറുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ പാട്രീസ് എവ്രയുമായി സാമ്യം പുലർത്തുന്ന താരമാണ് മലാസിയ.

മാത്രമല്ല തന്റെ ആരാധനാപാത്രം പാട്രിസ് എവ്രയാണെന്നും ടൈറൽ മലാസിയ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെക്കാൾ മികച്ച താരമാവലാണ് തന്റെ ലക്ഷ്യമെന്നും മലാസിയ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം യുണൈറ്റഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.മലാസിയയുടെ വാക്കുകൾ ഇങ്ങനെയാണ്.

“പാട്രിസ് എവ്രയാണ് എന്റെ ഇഷ്ടപ്പെട്ട താരം. അദ്ദേഹത്തിന്റെ ശൈലിയും വേഗതയും എനർജിയുമൊക്കെ എനിക്ക് വളരെയധികം ഇഷ്ടമാണ്.തീർച്ചയായും അദ്ദേഹം എനിക്കൊരു പ്രചോദനമാണ്. അദ്ദേഹത്തേക്കാൾ മികച്ച രൂപത്തിൽ പ്രകടനം നടത്തണമെന്നാണ് എന്റെ ആഗ്രഹം. അത് ബുദ്ധിമുട്ടാണ് എന്നറിയാം. പക്ഷേ ഞാൻ നിശ്ചയിച്ച ഒരു ലക്ഷ്യമാണത്. ആ ലക്ഷ്യം മറികടക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് ” ഇതാണ് മലാസിയ പറഞ്ഞിട്ടുള്ളത്.

2006-ലായിരുന്നു മൊണാക്കോയിൽ നിന്നും എവ്ര മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. യുണൈറ്റഡിന് വേണ്ടി ആകെ 379 മത്സരങ്ങൾ കളിച്ച അദ്ദേഹം 2014-ൽ യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *