തന്നെ പത്തോളം ക്ലബുകൾ സമീപിച്ചിരുന്നുവെന്ന് അർജന്റൈൻ ഗോൾകീപ്പർ !

പത്തോളം ക്ലബുകൾ ടീമിലെത്തിക്കാൻ വേണ്ടി തന്നെ സമീപിച്ചിരുന്നുവെന്ന് ആഴ്‌സണലിന്റെ അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് മാർട്ടിനെസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ നിലവിൽ ആഴ്‌സണൽ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും പക്ഷെ ക്ലബിൽ സ്ഥിരമായി സ്ഥാനം ലഭിച്ചിട്ടില്ലെങ്കിൽ ക്ലബ് വിടുന്ന കാര്യം പരിഗണിക്കുമെന്ന് മാർട്ടിനെസ് പറഞ്ഞു. എന്നാൽ ക്ലബുകളുടെ പേരുകൾ വെളിപ്പെടുത്താൻ താരം തയ്യാറായില്ല. ചെൽസിക്കെതിരെയുള്ള എഫ്എ കപ്പ് ജേതാക്കളായതിന് ശേഷമാണ് താരത്തെ ഫുട്ബോൾ ലോകം കൂടുതൽ അറിഞ്ഞത്. ഇരുപത്തിയേഴുകാരനായ താരം പത്ത് വർഷങ്ങൾക്ക് മുൻപായിരുന്നു ആഴ്‌സണലിൽ എത്തിയത്. തുടർന്ന് ആറു തവണ താരം ലോണിൽ അയക്കപ്പെട്ടു. എന്നാൽ ഈ സീസണിൽ ആഴ്‌സണലിന് വേണ്ടി കളിക്കാൻ താരത്തിന് അവസരങ്ങൾ ലഭിച്ചു. 23 മത്സരങ്ങൾ ആണ് താരം ഈ സീസണിൽ ഗണ്ണേഴ്‌സിന് വേണ്ടി കളിച്ചത്. ഇതിൽ നിന്ന് ഒൻപത് ക്ലീൻഷീറ്റ് നേടാൻ താരത്തിനായി.

” എനിക്ക് ആഴ്‌സണലിൽ തന്നെ തുടരാനാണ് ആഗ്രഹം. പക്ഷെ കൂടുതൽ മിനുട്ടുകൾ കളിക്കാൻ കിട്ടുകയാണെങ്കിൽ മാത്രം. കാരണം എന്റെ വ്യക്തിപരമായ കാര്യത്തിൽ എനിക്ക് വയസ്സ് ഏറിവരികയാണ്. അത്കൊണ്ട് തന്നെ എനിക്ക് കൂടുതൽ മിനുട്ടുകൾ കളത്തിൽ ചിലഴിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യൂറോപ്പിലെ പത്ത് ക്ലബുകൾ എന്നെ നോട്ടമിട്ടിട്ടുണ്ട്. പക്ഷെ ഏതൊക്കെ ക്ലബുകൾ ആണ് എന്ന് ഞാൻ പറയുന്നില്ല. കാരണം ഞാൻ അതിൽ ശ്രദ്ദിക്കുന്നില്ല. ഇപ്പോഴും ആഴ്‌സണലിൽ എന്റെ സ്ഥിതി വ്യക്തമായിട്ടില്ല. ഞാൻ മടങ്ങുകയാണെങ്കിൽ അത് ഞാൻ ആ സമയത്ത് എടുക്കുന്ന ഏറ്റവും മികച്ച തീരുമാനം ആയിരിക്കും. ഞാൻ ലാലിഗയെ കൂടുതൽ ഇഷ്ടപ്പെടുന്നുണ്ട്. സ്പെയിനിൽ കളിക്കാൻ ആഗ്രഹവുമുണ്ട്. മുൻപ് ലോണിൽ കളിച്ച ഗെറ്റാഫക്ക് വേണ്ടി ഒന്ന് കൂടെ മികച്ച രീതിയിൽ കളിക്കാൻ ആഗ്രഹവുമുണ്ട് ” മാർട്ടിനെസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *