ഡി യോങ് യുണൈറ്റഡിൽ എത്തുമോ? സാധ്യമായാൽ അത് റെക്കോർഡ്!

സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണയെ വിട്ടൊഴിഞ്ഞിട്ടില്ല.അത്കൊണ്ട് തന്നെ അതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളാണ് നിലവിൽ ബാഴ്സ നടത്തുന്നത്. ബാഴ്സയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരങ്ങളിലൊരാളാണ് ഫ്രങ്കി ഡി യോങ്.താരത്തെ വിൽക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഡി യോങ്ങിന് വേണ്ടി രംഗത്തുള്ളത്.യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗിനാണ് താരത്തെ ആവശ്യമുള്ളത്.എന്നാൽ ബാഴ്സ വിടണോ വേണ്ടയോ എന്ന കാര്യത്തിൽ ഇതുവരെ ഡി യോങ് ഒരു അന്തിമതീരുമാനം കൈകൊണ്ടിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും പുതിയ ഒരു ഓഫർ ഡിയോങ്ങിന് വേണ്ടി ബാഴ്സക്ക് നൽകിയിട്ടുണ്ട്.80 മില്യൺ യുറോയാണ് താരത്തിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.60 മില്യൺ യുറോയും പുറമെ 20 മില്യൺ ആഡ് ഓൺസുമാണ് യുണൈറ്റഡ് ഓഫർ ചെയ്തിരിക്കുന്നത്.ഈയൊരു ഓഫറിന്റെ കാര്യത്തിൽ ബാഴ്സ എന്ത് തീരുമാനം കൈക്കൊള്ളുമെന്ന് വ്യക്തമല്ല.മാർക്കയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

പക്ഷേ ബാഴ്സ ഈ ഓഫർ സ്വീകരിച്ചുകൊണ്ട് ഡി യോങ്ങിനെ കൈവിട്ടാൽ അതൊരു റെക്കോർഡായി മാറും. അതായത് ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിൽപ്പനയായിരിക്കും ഇത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലിയൻ സൂപ്പർ താരമായ ആർതറിന്റെ വിൽപ്പനയാണ്.72 മില്യൺ യുറോയാണ് അന്ന് ബാഴ്സക്ക് ലഭിച്ചത്. ഒന്നാം സ്ഥാനത്തുള്ളത് സൂപ്പർ താരം നെയ്മർ ജൂനിയറുടെ വിൽപ്പനയാണ്.222 മില്യൺ യുറോയായിരുന്നു നെയ്മർക്ക് വേണ്ടി പിഎസ്ജി ബാഴ്സക്ക് നൽകിയിരുന്നത്.

ഏതായാലും ഡി യോങ്ങിന് വേണ്ടി വലിയൊരു തുക തന്നെ യുണൈറ്റഡ് മുടക്കേണ്ടി വരുമെന്ന് ഉറപ്പായ കാര്യമാണ്. അതുകൊണ്ടുതന്നെ ഡി യോങ്ങിനെ വിൽക്കുകയാണെങ്കിൽ അത് ബാഴ്സയുടെ റെക്കോർഡ് പുസ്തകത്തിൽ ഇടംനേടും.

Leave a Reply

Your email address will not be published. Required fields are marked *