ഡി ബ്രൂയിന തിരിച്ചെത്തി,ഒടുക്കത്തെ സന്തോഷമെന്ന് പെപ്!

ഇന്നലെ FA കപ്പിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഹഡേഴ്സ്ഫീൽഡിനെ അവർ പരാജയപ്പെടുത്തിയത്.യുവസൂപ്പർ താരം ഫിൽ ഫോഡൻ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.ഹൂലിയൻ ആൽവരസ് ഒരു ഗോളും ഒരു അസിസ്റ്റും നേടിയപ്പോൾ ഡി ബ്രൂയിന മത്സരത്തിൽ ഒരു അസിസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.

ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്നു ഡി ബ്രൂയിന ഉണ്ടായിരുന്നത്. ദീർഘകാലത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ഡി ബ്രൂയിന കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. മത്സരത്തിന്റെ 57ആം മിനിറ്റിൽ ഹൂലിയൻ ആൽവരസിന്റെ പകരക്കാരനായി കൊണ്ടായിരുന്നു ഡി ബ്രൂയിന തിരിച്ചെത്തിയത്. താരം തിരിച്ചെത്തിയതിൽ തനിക്ക് ഒടുക്കത്തെ സന്തോഷമുണ്ട് എന്നാണ് സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നല്ല രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.പക്ഷേ അദ്ദേഹം ഇനിയും ട്രെയിനിങ് ചെയ്യേണ്ടതുണ്ട്.ഡി ബ്രൂയിന തിരിച്ചെത്തിയതിൽ ഞങ്ങൾ എല്ലാവരും വളരെയധികം സന്തോഷത്തിലാണ്. മത്സരങ്ങൾ വിജയിക്കാൻ സഹായിക്കുന്ന ഒരു താരമാണ് കെവിൻ.ഇത്തരത്തിലുള്ള താരങ്ങൾ ഫുട്ബോൾ ലോകത്ത് കുറച്ചു മാത്രമേ ഉള്ളൂ.ഡി ബ്രൂയിനയും ഹാലന്റുമൊക്കെ മത്സരം വിജയിപ്പിക്കുന്ന താരങ്ങളാണ് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഡോക്കു നേടിയ ഗോളിനായിരുന്നു ഡി ബ്രൂയിന അസിസ്റ്റ് നൽകിയിരുന്നത്. പ്രീമിയർ ലീഗിൽ കേവലം ഒരു മത്സരം മാത്രമാണ് ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. അടുത്ത ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതേസമയം വരുന്ന സമ്മറിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് വലിയ താല്പര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *