ഡിബാല പ്രീമിയർ ലീഗിലേക്കോ? ലഭിച്ചിരിക്കുന്നത് വമ്പൻ ഓഫർ!
യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാലയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക. ഈ കരാർ പുതുക്കില്ല എന്നുള്ള കാര്യം നേരത്തെ തന്നെ യുവന്റസ് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഡിബാല ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്.നിരവധി ക്ലബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനും ദിബാലയിൽ താല്പര്യമുണ്ട്. മാത്രമല്ല വലിയ ഒരു ഓഫർ ന്യൂകാസിൽ ഡിബാലക്ക് നൽകി കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.ഒരു ആഴ്ച്ചയിൽ രണ്ട് ലക്ഷം പൗണ്ട് സാലറിയായി കൊണ്ട് ന്യൂ കാസിൽ ഓഫർ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഫുട്ബോൾ ഇൻസൈഡറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) May 1, 2022
എന്നാൽ ഡിബാല ഈ ഓഫറിനോട് പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.സൗദി കൺസോർഷ്യത്തിന്റെ ഉടമസ്ഥതക്ക് കീഴിൽ ടീമിന്റെ ശക്തി വർദ്ധിപ്പിക്കാനാണ് ന്യൂകാസിലിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കൊണ്ട് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ നിരവധി താരങ്ങളെ ന്യൂകാസിൽ സ്വന്തമാക്കിയിരുന്നു.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ്,ആഴ്സണൽ,ഇന്റർ മിലാൻ എന്നിവരൊക്കെ ഡിബാലയിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ന്യൂകാസിലിന് കാര്യങ്ങൾ എളുപ്പമാവില്ല.ഈ സീസണിൽ 14 ഗോളുകളും 5 അസിസ്റ്റുകളുമാണ് ഡിബാല കരസ്ഥമാക്കിയിട്ടുള്ളത്.ഇത് വരെ യുവന്റസിന് വേണ്ടി 114 ഗോളുകളും 48 അസിസ്റ്റുകളും ഡിബാല നേടിയിട്ടുണ്ട്.