ട്രാൻസ്ഫർ റൂമർ : കവാനി ബാഴ്‌സയിലേക്ക്?
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉറുഗ്വൻ സൂപ്പർ താരമായ എഡിൻസൺ കവാനിയുടെ ക്ലബുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും. കഴിഞ്ഞ സീസണിലായിരുന്നു കവാനി യുണൈറ്റഡിൽ എത്തിയത്. തുടർന്ന് മികച്ച പ്രകടനം നടത്തിയ കവാനി 17 ഗോളുകളും കഴിഞ്ഞ സീസണിൽ നേടി. ഇതോടെ സോൾഷെയർ താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കുകയായിരുന്നു.
എന്നാൽ ഈ സീസണിൽ കവാനിക്ക് കാര്യങ്ങൾ ശുഭകരമല്ല. കേവലം അഞ്ച് മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ കവാനി കളിച്ചിട്ടുള്ളത്. ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്. നിലവിൽ പരിക്ക് മൂലം കവാനി പുറത്താണ്. ഇതുകൊണ്ടൊക്കെ തന്നെയും ഈ സീസണോടുകൂടി കവാനി ഫ്രീ ഏജന്റാവുമെന്നാണ് അറിയാൻ കഴിയുന്നത്.
— Murshid Ramankulam (@Mohamme71783726) December 3, 2021
അത്കൊണ്ട് തന്നെ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറാൻ കവാനി തീരുമാനിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മെട്രോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.താരത്തിന് ലാലിഗയിലേക്ക് ചേക്കേറാനാണ് ആഗ്രഹം.2020-ൽ അത്ലറ്റിക്കോയിലേക്ക് പോവാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
കഴിഞ്ഞ സീസണിൽ മെസ്സി ക്ലബ് വിട്ട സമയത്ത് കവാനിയെ എത്തിക്കാൻ ബാഴ്സ ശ്രമം നടത്തിയിരുന്നു.എന്നാൽ അന്ന് യുണൈറ്റഡ് വിട്ടു നൽകാൻ തയ്യാറായിരുന്നില്ല. സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്ന ബാഴ്‌സ ഫ്രീ ഏജന്റായ കവാനിയെ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ അഗ്വേറോയെയും ബാഴ്‌സക്ക് ലഭ്യമല്ല. ഇതുകൊണ്ടൊക്കെയാണ് കവാനിയെ സ്വന്തമാക്കാൻ ബാഴ്‌സ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.