ട്രാൻസ്ഫർ റൂമർ : എംബപ്പേയുടെ സ്ഥാനത്തേക്ക് പിഎസ്ജി പരിഗണിക്കുന്നത് ലിവർപൂൾ സൂപ്പർ താരത്തെ?

2022-ൽ സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. താരം കരാർ പുതുക്കുമോ ഇല്ലയോ എന്നുള്ളത് ഇതുവരെ അവ്യക്തമാണ്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്‌ താരത്തെ റാഞ്ചുമെന്നുള്ള വാർത്തകളും സജീവമാണ്. ഏതായാലും കിലിയൻ എംബപ്പേയുടെ പകരക്കാരനായി പിഎസ്ജി പരിഗണിക്കുന്നത് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലായെയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.ഫ്രഞ്ച് ടെലിവിഷനായ ടെലിഫൂട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.എംബപ്പേ ക്ലബ് വിടുകയാണെങ്കിൽ പിഎസ്ജി പ്രഥമപരിഗണന നൽകുക സലാക്കായിരിക്കും എന്നാണ് ഇവരുടെ വാദം.ഇതാദ്യമായല്ല പിഎസ്ജിയെ സലായുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾ പുറത്തേക്ക് വരുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പും ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ സജീവമായിരുന്നു.നിലവിൽ സലാ ലിവർപൂളിൽ അസംതൃപ്തനാണ് എന്നുള്ള വാർത്തകളും പുറത്തേക്ക് വന്നിരുന്നു.

ടീമിലെ ചില താരങ്ങളുമായി ഒത്തുപോവാൻ സലാക്ക് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം ലിവർപൂൾ വിടാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നത്. കൂടാതെ റയൽ, ബാഴ്സ എന്നിവർക്കും താരത്തിൽ താല്പര്യമുണ്ടെന്നും അറിയാൻ കഴിഞ്ഞിരുന്നു. ഏതായാലും ലിവർപൂളിനെ സംബന്ധിച്ചെടുത്തോളം അവരുടെ നിർണായകതാരമാണ് സലാ.2017-ൽ റോമയിൽ നിന്നാണ് താരം ലിവർപൂളിൽ എത്തിയത്.അതിന് ശേഷം 138 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 92 ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും സലാ ലിവർപൂളിനൊപ്പം നേടിയിട്ടുണ്ട്. പിഎസ്ജി താരത്തിൽ താല്പര്യം അറിയിച്ചാലും ലിവർപൂൾ കൈവിടുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *