ടോറസിന് പിന്നാലെ മൂന്ന് സിറ്റി താരങ്ങളെ കുറിച്ച് അന്വേഷണം നടത്തി ബാഴ്‌സ!

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി തന്റെ രണ്ടാമത്തെ സൈനിംഗിനുള്ള ഒരുക്കത്തിലാണ്. ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസിനെ തിരിച്ചെത്തിച്ചതാണ് സാവിയുടെ സൈനിംഗ്. ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരം ഫെറാൻ ടോറസിനെയാണ് ബാഴ്‌സ ടീമിൽ എത്തിക്കുക. ഇക്കാര്യത്തിൽ ബാഴ്സയും സിറ്റിയും ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇതിന് പുറമേ മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റു മൂന്ന് താരങ്ങളെ കുറിച്ചും ബാഴ്‌സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട ഇപ്പോൾ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. ആ താരങ്ങൾ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമാണോ എന്നാണ് അന്വേഷിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരങ്ങളായ റഹീം സ്റ്റെർലിംഗ്, ബെർണാഡോ സിൽവ, ജോവോ കാൻസെലോ എന്നിവരിലാണ് ബാഴ്‌സ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. യൂറോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

റഹീം സ്റ്റെർലിങ്ങിനെ ഏറെ കാലമായി ബാഴ്‌സ നോട്ടമിട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ സ്ഥിരസാന്നിധ്യമാവാൻ കഴിയാത്ത താരം ക്ലബ് വിടുമെന്നുള്ള റൂമറുകൾ ഉണ്ട്. പക്ഷേ താരത്തിന്റെ ഉയർന്ന വേതനമാണ് ബാഴ്‌സക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുക.

പോർച്ചുഗീസ് സൂപ്പർ താരങ്ങളായ ബെർണാഡോ സിൽവയും ജോവോ കാൻസെലോയും തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിലെ ടോപ് സ്‌കോറർമാരുടെ പട്ടികയിൽ സിൽവ ഇടം നേടിയിട്ടുണ്ട്. അതേസമയം കാൻസെലോയാവട്ടെ ലോകത്തെ മികച്ച ഫുൾ ബാക്കുമാരിൽ പെട്ട ഒരു താരമാണ്. പക്ഷേ ഈ രണ്ടു താരങ്ങളെയും സിറ്റി കൈവിടാനുള്ള സാധ്യതകൾ കുറവാണ്.

നിലവിൽ മോശം ഫോമിലൂടെയാണ് ഇപ്പോൾ എഫ്സി ബാഴ്സലോണ കടന്നു പോവുന്നത്. അത്കൊണ്ട് തന്നെ ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ലാപോർട്ടയും സാവിയുമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *