ടോട്ടൻഹാമിന് പുരോഗതിയില്ലെങ്കിൽ ക്ലബ്‌ വിടുമെന്ന് ഹാരി കെയ്ൻ

ടോട്ടൻഹാമിൽ തന്നെ ദീർഘകാലം തുടരുമെന്ന് ഉറപ്പില്ലെന്ന് സൂപ്പർ താരം ഹാരി കെയ്ൻ. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ടോട്ടൻഹാമിന് നിലവിലെ അവസ്ഥയിൽ പുരോഗതി ഒന്നും സംഭവിച്ചില്ലെങ്കിൽ ക്ലബ്‌ വിടുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഹാരി കെയ്ൻ വ്യക്തമാക്കി. താനും ആഗ്രഹങ്ങളൊക്കെയുള്ള താരമാണെന്നും ടോട്ടൻഹാമിൽ എത്രകാലം തുടരും എന്നുള്ളത് മറ്റുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും കെയ്ൻ അറിയിച്ചു. മുൻ ലിവർപൂൾ മിഡ്ഫീൽഡർ ജാമി റെഡ്നാപ്പിനോടൊപ്പമുള്ള ഇൻസ്റ്റാഗ്രാം ലൈവിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എത്ര കാലം ടോട്ടൻഹാമിൽ നിൽക്കും എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.

” ഈയൊരു ചോദ്യം ഒരുപാട് നാളായി കേൾക്കുന്നതാണ്. ഞാൻ ക്ലബ്‌ വിടുമെന്നോ ക്ലബിൽ തുടരുമെന്നോ എനിക്കിപ്പോൾ പറയാൻ കഴിയില്ല. ടീമിന് പുരോഗതി ഇല്ല എന്ന് എനിക്ക് തോന്നുകയാണേൽ, അതല്ല ടീം ശരിയായ രീതിയിൽ അല്ല മുന്നോട്ട് പോവുന്നത് എങ്കിൽ ഞാൻ ടീമിൽ തുടർന്നേക്കില്ല. കാരണം ആഗ്രഹങ്ങൾ ഉള്ള ഒരു താരം തന്നെയാണ് ഞാനും ” ഇതായിരുന്നു ആ ചോദ്യത്തിന് കെയ്ൻ മറുപടി നൽകിയത്. മുൻപ് മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും റയൽ മാഡ്രിഡിലേക്കും താരം കൂടുമാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും താരം ടോട്ടൻഹാമിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *