ടോട്ടൻഹാമിനെ മറികടക്കണം, റൊമേറോക്ക്‌ വേണ്ടി ഓഫർ നൽകാനൊരുങ്ങി ബാഴ്സ!

അറ്റലാന്റയുടെ അർജന്റൈൻ ഡിഫൻഡറായ ക്രിസ്റ്റ്യൻ റൊമേറോക്ക്‌ വേണ്ടിയുള്ള പോര് മുറുകുകയാണ്. നിലവിൽ റൊമേറോക്ക്‌ വേണ്ടി രണ്ട് ക്ലബുകളാണ് മുൻപന്തിയിലുള്ളത്. ടോട്ടൻഹാമും ബാഴ്‌സയുമാണ് ആ രണ്ട് ക്ലബുകൾ. എന്നാൽ ഇതിൽ തന്നെ ബാഴ്‌സയെ പിറകിലാക്കാൻ സ്പർസിന് സാധിച്ചിരുന്നു. ടോട്ടൻഹാം അധികൃതർ താരവുമായി ചർച്ചകൾ നടത്തുകയും റൊമേറോ പേർസണൽ ടെംസ് അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ അറ്റലാന്റ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം കൈകൊണ്ടിട്ടില്ല.

പക്ഷേ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ പിടിവിടാനുള്ള ഒരുക്കമല്ല. സ്ഥിതിഗതികൾ വീക്ഷിച്ച ബാഴ്സ നിലവിൽ ടോട്ടൻഹാമിനെ മറികടക്കാനുള്ള ഒരുക്കത്തിലാണ്. റൊമേറോക്ക്‌ വേണ്ടി ദിവസങ്ങൾക്കകം തന്നെ ബാഴ്‌സ ഒരു ഓഫർ സമർപ്പിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഫുട്ബോൾ ഇറ്റാലിയയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

നിലവിൽ റൊമേറോക്ക്‌ വേണ്ടി 40 മില്യൺ യൂറോയും പുറമേ 10 മില്യൺ യൂറോ ബോണസുമാണ് ടോട്ടൻഹാം ഓഫർ ചെയ്തിട്ടുള്ളത്. എന്നാൽ ഇത്‌ അറ്റലാന്റ അംഗീകരിച്ചിട്ടില്ല.60 മില്യൺ യൂറോക്ക്‌ മുകളിൽ ലഭിക്കണമെന്നാണ് അറ്റലാന്റയുടെ നിലപാട്. അത്കൊണ്ട് തന്നെ ബാഴ്സ ചുരുങ്ങിയത് 60 മില്യൺ യൂറോയുടെ ബിഡ് എങ്കിലും താരത്തിന് വേണ്ടി സമർപ്പിക്കേണ്ടി വരും. ബാഴ്സയുടെ നിലവിലെ അവസ്ഥയിൽ അത് എത്രത്തോളം സാധ്യമാവുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.

18 മില്യൺ യൂറോക്കായിരുന്നു റൊമേറോ അറ്റലാന്റയിൽ എത്തിയത്. മികച്ച പ്രകടനമായിരുന്നു താരം കഴിഞ്ഞ സീസണിൽ നടത്തിയത്. സിരി എയിലെ ബെസ്റ്റ് ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ട താരം അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടവും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *