ടെൻ ഹാഗിനെ പുറത്താക്കുമോ? അത് ഞങ്ങളുടെ പണിയല്ലെന്ന് ബ്രൂണോ ഫെർണാണ്ടസ്!

കഴിഞ്ഞ FA കപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ലോവർ ഡിവിഷൻ ക്ലബ്ബായ കോവെൻട്രിയോട് കഷ്ടിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് രക്ഷപ്പെട്ടിട്ടുള്ളത്.3 ഗോളുകളുടെ ലീഡ് നേടിക്കൊണ്ട് ഒരു ഘട്ടത്തിൽ അവർ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ പിന്നീട് യുണൈറ്റഡ് 3 ഗോളുകൾ വഴങ്ങുകയായിരുന്നു. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്.

എന്നാൽ ലോവർ ഡിവിഷൻ ക്ലബ്ബിനോട് പോലും ഇത്രയധികം ബുദ്ധിമുട്ടിയതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻഹാഗിന് ഏൽക്കേണ്ടി വന്നിട്ടുള്ളത്. അദ്ദേഹത്തെ ഉടൻതന്നെ പുറത്താക്കണമെന്ന് പോലും ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്.ടെൻ ഹാഗിന്റെ ഭാവിയെക്കുറിച്ച് യുണൈറ്റഡ് ക്യാപ്റ്റനായ ബ്രൂണോ ഫെർണാണ്ടസിനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ അത് തങ്ങളുടെ പണിയല്ല എന്നാണ് ഈ പോർച്ചുഗീസ് താരം മറുപടി പറഞ്ഞിട്ടുള്ളത്.ബ്രൂണോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.ഈ സീസണിൽ അവശേഷിക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ ശ്രദ്ധ പുലർത്തണം.യൂറോപ്യൻ കോമ്പറ്റീഷനിലേക്ക് യോഗ്യത നേടാനുള്ള അവസരം ഇപ്പോഴും ഞങ്ങൾക്കുണ്ട്.ഏറ്റവും മികച്ച രീതിയിൽ തന്നെ സീസൺ ഫിനിഷ് ചെയ്യണം.അതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്.ഒരു FA കപ്പ് ഫൈനൽ ഞങ്ങൾക്ക് കളിക്കാനുണ്ട്. അതുകൊണ്ടുതന്നെ പരിശീലകനെ കുറിച്ച് ഞങ്ങൾക്ക് ആശങ്കകൾ ഒന്നുമില്ല,അത് ഞങ്ങളുടെ ജോലിയല്ല. അതിനെക്കുറിച്ച് തീരുമാനങ്ങൾ എടുക്കാൻ ഇവിടെ ഉടമസ്ഥന്മാരും ഡയറക്ടർമാരും ഉണ്ട്. താരങ്ങൾ ചെയ്യേണ്ടത് കളിക്കളത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ” ഇതാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിന് ശേഷം ടെൻ ഹാഗിന്റെ പരിശീലക സ്ഥാനം തെറിക്കാനുള്ള സാധ്യതകൾ ഏറെയാണ്. അത്തരത്തിലുള്ള ഒരു സൂചന ഉടമസ്ഥൻ ജിം റാറ്റ്ക്ലിഫ് നൽകുകയും ചെയ്തിരുന്നു.ബയേൺ പരിശീലകനായ തോമസ് ടുഷേൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായേക്കും എന്നുള്ള റൂമറുകളും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *