ടെൻഹാഗിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ റൊണാൾഡോയെ പുറത്താക്കുമായിരുന്നു: റൂണി

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രന്റ്ഫോർഡിനോട് എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു പരാജയപ്പെട്ടത്. ഇതേത്തുടർന്ന് വലിയ വിമർശനങ്ങൾ യുണൈറ്റഡ് താരങ്ങൾക്കും സൂപ്പർ താരം റൊണാൾഡോക്കും ഏൽക്കേണ്ടി വന്നിരുന്നു. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെയാണ് നേരിടുക.മത്സരത്തിൽ റൊണാൾഡോ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ റൊണാൾഡോയെ കളിപ്പിക്കുന്നതിനെതിരെ യുണൈറ്റഡ് ഇതിഹാസമായ വെയിൻ റൂണി രംഗത്ത് വന്നിട്ടുണ്ട്. അതായത് ടെൻ ഹാഗിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നില്ല എന്നാണ് റൂണി പറഞ്ഞത്.The Times ന് നൽകിയ പുതിയ കോളത്തിൽ എഴുതുകയായിരുന്നു അദ്ദേഹം.റൂണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാനായിരുന്നു ടെൻ ഹാഗിന്റെ സ്ഥാനത്ത് എങ്കിൽ ഞാൻ ഏറ്റവും കൂടുതൽ ആശങ്കപ്പെടുക ടീമിന്റെ എനർജിയെ കുറിച്ചായിരിക്കും. അതുകൊണ്ടുതന്നെ റൊണാൾഡോയെ ഞാൻ കളിച്ചിട്ടില്ല. കൂടാതെ റാഷ്ഫോർഡിനെയും ഞാൻ ഒഴിവാക്കും. ഒരു മികച്ച നമ്പർ നയണെ സൈൻ ചെയ്യാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല.അതുകൊണ്ടാണ് അവർ റൊണാൾഡോയെ ആശ്രയിക്കുന്നത്.ആവശ്യമായ പരിശീലനം പോലും ലഭിക്കാതെയാണ് കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം ഇറങ്ങിയത്. റൊണാൾഡോ ഇനിയും തയ്യാറാവേണ്ടതുണ്ട്. മാത്രമല്ല റൊണാൾഡോക്ക് ക്ലബ്ബ് വിടണം. അങ്ങനെ ആഗ്രഹിക്കുന്ന ആളെ പോകാൻ അനുവദിക്കുകയാണ് യുണൈറ്റഡ് ചെയ്യേണ്ടത്. മുമ്പ് പറഞ്ഞത് തന്നെ ആവർത്തിക്കുകയാണ്. അതായത് നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ കിരീടത്തിന് വേണ്ടി പോരാടണമെങ്കിൽ റൊണാൾഡോയെ ഒഴിവാക്കിക്കൊണ്ട് യുവ താരങ്ങളെ വെച്ച് ഒരു ടീമിനെ ബിൽഡ് ചെയ്യണം ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോക്കൊപ്പം ഒരുപാട് കാലം കളിച്ചിട്ടുള്ള താരം കൂടിയാണ് റൂണി.നിലവിൽ ഡിസി യുണൈറ്റഡിന്റെ പരിശീലകൻ കൂടിയാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *