ഞാൻ ഹാരി പോട്ടർ ഒന്നുമല്ല,ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കിയുണ്ട്:ടെൻഹാഗ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു വലിയ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവർ ചിരവൈരികളായ ലിവർപൂളിനോട് പരാജയപ്പെടുകയായിരുന്നു. ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടിയ മുഹമ്മദ് സലായാണ് മത്സരത്തിൽ തിളങ്ങിയത്.രണ്ട് ഗോളുകൾ നേടിക്കൊണ്ട് ലൂയിസ് ഡയസും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
യുണൈറ്റഡ് ഈ സീസണിൽ ആകെ നാല് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ മൂന്നെണ്ണത്തിലും അവർ പരാജയപ്പെടുകയായിരുന്നു. ഒരുപാട് മികച്ച സൈനിങ്ങുകൾ നടത്തിയിട്ടും ടീമിനെ നല്ല രീതിയിലേക്ക് മാറ്റിയെടുക്കാൻ പരിശീലകനായ ടെൻഹാഗിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ പെട്ടെന്ന് മാജിക് കാണിക്കാൻ താൻ ഹാരി പോട്ടർ അല്ല എന്നാണ് ടെൻഹാഗ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ഹാരി പോട്ടർ ഒന്നുമല്ല.ഒരു പുതിയ ടീമിനെ നിർമ്മിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തീർച്ചയായും ഞങ്ങൾ മികച്ച രീതിയിലേക്ക് മാറും.കിരീടത്തിന് വേണ്ടി പോരാടാൻ ഞങ്ങൾക്ക് സാധിക്കുക തന്നെ ചെയ്യും. ലീഗിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് അവസാനിച്ചിട്ടുള്ളത്.ഞാൻ ഒരുപാട് തവണ ഇത് വിശദീകരിച്ചതാണ്.ഒരു ടീമിനെ ബിൽഡ് ചെയ്യുന്ന പ്രോസസിലാണ് ഞങ്ങൾ ഉള്ളത്. ഒരുപാട് യുവതാരങ്ങളും ഞങ്ങളോടൊപ്പം ഉണ്ട്.ഞങ്ങളോടൊപ്പം ആദ്യമായിട്ടാണ് മൂന്ന് താരങ്ങൾ ഇന്ന് സ്റ്റാർട്ട് ചെയ്യുന്നത്. ഞങ്ങൾക്ക് ഇംപ്രൂവ് ആവാൻ ഉണ്ട് എന്നുള്ളത് വ്യക്തമാണ്. പക്ഷേ ഈ സീസൺ അവസാനിക്കുമ്പോഴേക്കും ഞങ്ങൾ ഒരു കിരീടമെങ്കിലും നേടാനുള്ള സാധ്യതകൾ ഏറെയാണ് “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് യുണൈറ്റഡ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് ബ്രൈറ്റണോട് പ്രീമിയർ ലീഗിൽ പരാജയപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ലിവർപൂളിനോടും തോറ്റിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ സതാംപ്റ്റണാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.