ഞാൻ റയൽ മാഡ്രിഡിനെ വിളിച്ചു,അവർ ഉപദേശം നൽകി : തിരിച്ചു വരവിനെ കുറിച്ച് പെപ് പറഞ്ഞത് കേട്ടോ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന അവസാനറൗണ്ട് പോരാട്ടത്തിൽ ഒരു ത്രില്ലർ മത്സരമായിരുന്നു നമുക്ക് കാണാൻ സാധിച്ചത്. രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന ശേഷം മാഞ്ചസ്റ്റർ സിറ്റി മൂന്ന് ഗോളുകൾ തിരിച്ചടിച്ചു കൊണ്ട് അവിശ്വസനീയമായ രൂപത്തിൽ തിരിച്ചുവരികയായിരുന്നു. ഫലമായി പ്രീമിയർ ലീഗ് കിരീടത്തിൽ അവർ മുത്തമിടുകയും ചെയ്തിട്ടുണ്ട്.
ഏതായാലും മാഞ്ചസ്റ്റർ സിറ്റിയുടെ ഈ തിരിച്ചുവരവിനെക്കുറിച്ച് പരിശീലകനായ പെപ് ഗ്വാർഡിയോള ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വളരെ തമാശ രൂപയാണ് ഇദ്ദേഹം സംസാരിച്ചിട്ടുള്ളത്. താൻ റയൽ മാഡ്രിഡിനെ വിളിച്ചെന്നും അവർ കുറച്ചു നല്ല ഉപദേശങ്ങൾ നൽകി എന്നുമാണ് തമാശരൂപേണ പെപ്പ് പറഞ്ഞിട്ടുള്ളത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഇത്തരത്തിലുള്ള ഒരുപാട് തിരിച്ചുവരവുകൾ റയൽ മാഡ്രിഡ് നടത്തിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തന്നെ റയൽ മാഡ്രിഡ് ഇതുപോലെയുള്ള ഒരു തിരിച്ചുവരവ് നടത്തിയിരുന്നു.അതിനെയാണ് താൻ മാതൃകയാക്കിയിട്ടുള്ളത് എന്നാണ് പെപ് വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 23, 2022
” ഞാൻ റയൽ മാഡ്രിഡിനെ വിളിച്ചിരുന്നു.അവർ എനിക്ക് കുറച്ച് നല്ല ഉപദേശങ്ങൾ നൽകുകയും ചെയ്തു.മാഡ്രിഡിൽ നടന്നതിന് ഒരു വിശദീകരണവും ആവശ്യമില്ല. ഇന്ന് നടന്നതിനും ഒരു വിശദീകരണവും ആവശ്യമില്ല.അതൊരു മൊമന്റമാണ്. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നത് ചില സമയങ്ങളിൽ നല്ല ഒരു കാര്യമാണ്. അടുത്ത സീസണിൽ ഞങ്ങളെ കൂടുതൽ കരുത്തരാക്കാൻ ഇതിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
തങ്ങളുടെ ആറാമത്തെ പ്രീമിയർ ലീഗ് കിരീടമാണ് മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 4 പ്രീമിയർ ലീഗ് കിരീടവും സിറ്റി തങ്ങളുടെ സ്വന്തം ഷെൽഫിൽ എത്തിക്കുകയായിരുന്നു.