ഞാൻ തകർന്നുപോയി: പുറത്താക്കിയതിൽ ആദ്യമായി പ്രതികരിച്ച് ടുഷേൽ!
തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി തങ്ങളുടെ പരിശീലകനായിരുന്നു തോമസ് ടുഷെലിനെ പുറത്താക്കിയത്. ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ സാഗ്രബിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ടുഷെലിന് തന്റെ സ്ഥാനം നഷ്ടമായത്. പിന്നീട് ചെൽസി അദ്ദേഹത്തിന്റെ പകരക്കാരനായി കൊണ്ട് ഗ്രഹാം പോട്ടറിനെ നിയമിക്കുകയും ചെയ്തിരുന്നു.
ഏതായാലും പുറത്താക്കിയതിനു ശേഷം തോമസ് ടുഷേൽ ഇപ്പോൾ ആദ്യമായി പ്രതികരണമറിയിച്ചിട്ടുണ്ട്. താൻ തകർന്നു പോയി എന്നാണ് ഇതേ കുറിച്ച് ടുഷെൽ പറഞ്ഞിട്ടുള്ളത്.ചെൽസിക്ക് തന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടാകുമെന്നും ടുഷേൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇമോഷണലായിട്ടുള്ള സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.
BREAKING: Thomas Tuchel breaks silence with "devastating" statement after ruthless Chelsea sack https://t.co/iVNF0AeFfI
— Mirror Football (@MirrorFootball) September 11, 2022
“ഞാൻ എന്റെ ജീവിതത്തിൽ എഴുതുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ സ്റ്റേറ്റ്മെന്റുകളിൽ ഒന്നാണ് ഇത്. ഈയൊരു സ്റ്റേറ്റ്മെന്റ് ഇപ്പോൾ തന്നെ എഴുതേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചെൽസിയിലെ എന്റെ സമയം അവസാനിച്ചതിൽ ഞാൻ തകർന്നിരിക്കുകയാണ്. എനിക്ക് വീട് പോലെ അനുഭവപ്പെട്ട ഒരു ക്ലബ്ബാണ് ഇത്. വ്യക്തിപരമായും പ്രൊഫഷണൽ പരമായും എനിക്ക് ഇത് ഒരു വീട് തന്നെയായിരുന്നു. തുടക്കം തൊട്ടേ എന്നെ ഹാർദ്ദവമായി സ്വാഗതം ചെയ്ത ഇവിടുത്തെ ആരാധകർക്കും സ്റ്റാഫുകൾക്കും താരങ്ങൾക്കും ഞാൻ ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു. ഈ ടീമിനെ ചാമ്പ്യൻസ് ലീഗ് കിരീടവും ക്ലബ്ബ് വേൾഡ് കപ്പും നേടിക്കൊടുക്കാൻ കഴിഞ്ഞതിലുള്ള അഭിമാനവും സന്തോഷവും എന്നും എന്നോടൊപ്പം ഉണ്ടാകും. ഈ ക്ലബ്ബിന്റെ ചരിത്രത്തിന്റെയും ഓർമ്മകളുടെയും ഭാഗമാകാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്.കഴിഞ്ഞ 19 മാസത്തെ ഓർമ്മകൾക്ക് എന്നും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും ” ഇതാണ് ടുഷെൽ കുറിച്ചിട്ടുള്ളത്.
വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ചെൽസിക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് ടുഷെൽ. ഇനി അദ്ദേഹം ഏത് ടീമിനെ പരിശീലിപ്പിക്കുമെന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.