ഞാൻ ചെയ്യുന്നതെല്ലാം എന്റെ അമ്മക്ക് വേണ്ടി : കാൻസെലോ
നിലവിൽ മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി പോർച്ചുഗീസ് സൂപ്പർ താരമായ ജോവോ കാൻസെലോ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്.സിറ്റിയുടെ നിർണായക താരങ്ങളിൽ ഒരാളാണ് അദ്ദേഹം.എന്നാൽ വളരെയധികം ദുഷ്കരമായ ഒരു ഭൂതകാലം കാൻസെലോക്കുണ്ടായിരുന്നു. ഒൻപതു വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്റെ മാതാവ് കാറപകടത്തിൽ പെട്ട് ഈ ലോകത്തോട് വിട പറയുകയായിരുന്നു.
അന്ന് മുതൽ കാൻസെലോക്ക് ഫുട്ബോൾ ആസ്വദിക്കാൻ കഴിഞ്ഞില്ല.കളി നിർത്തിയാലോ എന്ന് പോലും അദ്ദേഹം ആലോചിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു.പക്ഷെ തന്റെ അമ്മക്ക് വേണ്ടി,അവരുടെ അഭിമാനത്തിനു വേണ്ടി കാൻസെലോ കളി തുടരാൻ തീരുമാനിച്ചു. ഇന്നിപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് കാൻസെലോ.
തന്റെ അമ്മയായ ഫിലോമിന കാൻസെലോയെ പറ്റി ചില കാര്യങ്ങൾ ജോവോ കാൻസെലോ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.അതിങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 12, 2022
” അവരുടെ വ്യക്തിത്വം എന്റെതിന് സമാനമായിരുന്നു.അവർ എനിക്ക് വേണ്ടി ചെയ്ത കാര്യങ്ങളാണ് എനിക്ക് ഓർമ്മയുള്ളത്. ഞങ്ങൾ രണ്ടുപേരും വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലൂടെയായിരുന്നു അന്ന് കടന്നുപോയികൊണ്ടിരുന്നത്. കാരണം ഞങ്ങൾക്ക് അന്ന് പണമില്ലായിരുന്നു.എന്റെ അമ്മക്ക് നല്ലൊരു ഭാവി ഉണ്ടാവാൻ വേണ്ടി എന്തും ചെയ്യുമെന്ന് ഞാൻ അന്ന് ഉറപ്പുനൽകിയിരുന്നു.പക്ഷെ ഇന്ന് അവർ എന്നോടൊപ്പമില്ല. പക്ഷേ ഇന്ന് ഞാൻ ചെയ്യുന്നതെല്ലാം അവരുടെ അഭിമാനത്തിന് വേണ്ടിയാണ്.അവർ എത്ര തളർന്നാലും എന്റെയും സഹോദരന്റെയും കാര്യങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുമായിരുന്നു.എന്റെ അമ്മ എനിക്ക് തന്ന അതേ സ്നേഹമാണ് എന്റെ കാമുകിക്കും മകൾക്കും ഞാൻ നൽകാൻ ശ്രമിക്കുന്നത്.എനിക്ക് അമ്മയെ നഷ്ടമായെന്ന് ഞാൻ പാടെ തകർന്നു.എനിക്ക് ഫുട്ബോൾ ആസ്വദിക്കാൻ കഴിഞ്ഞില്ല.കളി അവസാനിപ്പിക്കുന്നത് പോലും ഞാൻ ആലോചിച്ചു.പക്ഷെ അവർക്ക് വേണ്ടി കളി തുടരാൻ ഞാൻ തീരുമാനിച്ചു. ഞാൻ ഇന്ന് ചെയ്യുന്നതെല്ലാം എന്റെ അമ്മയ്ക്ക് വേണ്ടി മാത്രമാണ് ” ഇതാണ് കാൻസെലോ പറഞ്ഞിട്ടുള്ളത്.
2019-ൽ യുവന്റസിൽ നിന്നായിരുന്നു കാൻസെലോ സിറ്റിയിൽ എത്തിയത്.ഈ സീസണിൽ 42′ മത്സരങ്ങൾ കളിച്ച ഈ ഡിഫൻഡർ 3 ഗോളുകൾ കരസ്ഥമാക്കിയിട്ടുണ്ട്.