ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകൻ, ലംപാർഡിന് വിടവാങ്ങൽ സന്ദേശവുമായി ടുഷേൽ!

ദിവസങ്ങൾക്ക് മുമ്പാണ് ചെൽസി അവരുടെ പരിശീലകനായിരുന്ന ഫ്രാങ്ക് ലംപാർഡിനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. പതിനെട്ടു മാസത്തിനു ശേഷമാണ് ലംപാർഡിന്റെ സ്ഥാനം തെറിച്ചത്. തുടർന്ന് മുൻ പിഎസ്ജി പരിശീലകൻ തോമസ് ടുഷേലിനെ ചെൽസി കോച്ചായി നിയമിക്കുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് കീഴിലെ ആദ്യ മത്സരത്തിൽ ചെൽസി സമനില വഴങ്ങുകയായിരുന്നു. ഏതായാലും മത്സരശേഷം ലംപാർഡിന് വിടവാങ്ങൽ സന്ദേശമയച്ചിരിക്കുകയാണ് ടുഷേൽ. താൻ ലംപാർഡ് എന്ന കളിക്കാരന്റെ വലിയൊരു ആരാധകനാണ് എന്നും അദ്ദേഹത്തിന്റെ പുറത്താക്കൽ ചെൽസി ഫാൻസിനു വലിയ വേദനയുണ്ടാക്കുന്ന ഒന്നാണ് എന്നുമാണ് ടുഷേൽ ഇതേകുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ പുറത്താവലിന് താൻ കാരണക്കാരനല്ലെന്നും തനിക്കു ലഭിച്ച അവസരം താൻ സ്വീകരിക്കുകയായിരുന്നു എന്നുമാണ് ടുഷേൽ അറിയിച്ചത്.

” ഫ്രാങ്കിനെ പുറത്താക്കിയത് ആരാധകർക്കിടയിൽ വലിയ നിരാശയാണ് സമ്മാനിച്ചിട്ടുള്ളത് എന്നെനിക്കറിയാം. ഞാൻ മുൻപ് പറഞ്ഞതുപോലെത്തന്നെ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. ലംപാർഡ് എന്ന താരത്തിന്റെ വലിയ ആരാധകനാണ് ഞാൻ.അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തീർച്ചയായും ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ലെഗസിയെയും ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തിനുവേണ്ടി ഈ സാഹചര്യങ്ങളെ മാറ്റാൻ എനിക്ക് കഴിയില്ല. ഈ തീരുമാനം ക്ലബ്ബിന്റെതാണ്. ഞാൻ എനിക്ക് കൈവന്ന അവസരം സ്വീകരിച്ചു എന്ന് മാത്രം. അതെന്റെ തെറ്റല്ല ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *