ഞങ്ങൾ സുഹൃത്തുക്കളൊന്നുമല്ല, പരാജയപ്പെടുത്താൻ ശ്രമിക്കും : ക്ലോപിനെ കുറിച്ച് പെപ് പറയുന്നു!
ഇന്നലെ പ്രീമിയർലീഗിൽ നടന്ന വമ്പന്മാരുടെ പോരാട്ടം സമനിലയിൽ കലാശിച്ചിരുന്നു. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനക്കാരായ ലിവർപൂളും രണ്ടുവീതം ഗോളുകൾ നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.സിറ്റിക്ക് വേണ്ടി ഡി ബ്രൂയിന,ജീസസ് എന്നിവർ ഗോളുകൾ നേടിയപ്പോൾ ജോട്ട,മാനെ എന്നിവരാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്.
ഈ മത്സരത്തിന് മുന്നെ പലപ്പോഴും വലിയ ബഹുമാനത്തോട് കൂടിയായിരുന്നു പെപ് ഗ്വാർഡിയോളയും യുർഗൻ ക്ലോപും സംസാരിച്ചിരുന്നത്. മാത്രമല്ല മത്സരശേഷം ഇരുവരും കൈ കൊടുക്കുന്ന രീതിയുമൊക്കെ വലിയ രൂപത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.എന്നാൽ തങ്ങൾ സുഹൃത്തുക്കളല്ല എന്നുള്ള കാര്യം പെപ് ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്ത ആഴ്ച്ച നടക്കാനിരിക്കുന്ന മത്സരത്തിൽ ലിവർപൂളിനെ പരാജയപ്പെടുത്താൻ ശ്രമിക്കുമെന്നും പെപ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
RESPECT! Guardiola & Klopp hug it out at full-time 🤝 pic.twitter.com/5sxHfxpJrA
— Sky Sports Premier League (@SkySportsPL) April 10, 2022
” ഞാൻ യുർഗൻ ക്ലോപിനെ വളരെയധികം ബഹുമാനിക്കുന്നു.എന്റെ കൂടുതൽ മികവുറ്റ പരിശീലകനാക്കുന്നത് അദ്ദേഹമാണ്. പക്ഷേ ഞങ്ങൾ സുഹൃത്തുക്കളല്ല, ഞങ്ങൾ ഒരുമിച്ച് ലഞ്ച് കഴിച്ചിട്ടില്ല, അദ്ദേഹത്തിന്റെ നമ്പർ എന്റെ കയ്യിലുണ്ട്. പക്ഷേ ഞാൻ അദ്ദേഹത്തെ വിളിക്കാനൊന്നും പോകുന്നില്ല. പക്ഷേ ബഹുമാനമുണ്ട്. അടുത്ത മത്സരത്തിൽ ഞാൻ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ശ്രമിക്കും,അത് അദ്ദേഹത്തിന് അറിയുകയും ചെയ്യും ” ഇതാണ് പെപ് പറഞ്ഞത്.
FA കപ്പിന്റെ സെമിയിലാണ് ഇനി സിറ്റിയും ലിവർപൂളും നേർക്കുനേർ വരിക. ഈ വരുന്ന ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് ഈ മത്സരം നടക്കുക.