ഞങ്ങൾ ഈ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുനീക്കപ്പെടാനാണ് പലരും ആഗ്രഹിക്കുന്നത്: പ്രതികരിച്ച് പെപ്!
പതിവുപോലെ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിലും ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്.വലിയ ആധിപത്യമാണ് സമീപകാലത്ത് അവർ ഇംഗ്ലണ്ടിൽ പുലർത്തുന്നത്. പ്രീമിയർ ലീഗിലെ അവസാനത്തെ നാല് കിരീടങ്ങളും സ്വന്തമാക്കിയത് മാഞ്ചസ്റ്റർ തന്നെയാണ്.
എന്നാൽ 115 FFP നിയമലംഘനങ്ങളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മേൽ ചാർത്തപ്പെട്ടിട്ടുള്ളത്.അക്കാര്യത്തിൽ കോടതി വിചാരണ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ വലിയ ശിക്ഷകളാണ് സിറ്റിയെ കാത്തിരിക്കുന്നത്. എന്ത് ശിക്ഷ ലഭിക്കും എന്നറിയാനാണ് സിറ്റിയുടെ എതിരാളികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്. അവരെ പരിഹസിച്ചുകൊണ്ട് സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള രംഗത്ത് വന്നിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി ഈ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുനീക്കപ്പെടാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഒരു സീസൺ മോശമായിരുന്നുവെങ്കിൽ അത് മോശമാണ് എന്ന് പറയാനുള്ള അവകാശം നിങ്ങൾക്കുണ്ട്. പക്ഷേ ഒരൊറ്റ മത്സരം കൊണ്ട് ടീമിനെ മോശക്കാരാക്കാൻ പാടില്ല. അത് ഒരിക്കലും അംഗീകരിക്കാനാവാത്ത ഒന്നാണ്. എന്തൊക്കെ സംഭവിച്ചാലും എന്റെ ക്ലബ്ബിനെ പ്രതിരോധിക്കുക തന്നെ ചെയ്യും.പലർക്കും ഞങ്ങൾ തരംതാഴ്ത്തപ്പെടുക മാത്രമല്ല വേണ്ടത്,ഈ ഭൂമിയിൽ നിന്ന് തന്നെ ഞങ്ങൾ തുടച്ചു നീക്കപ്പെടാൻ പലരും ആഗ്രഹിക്കുന്നു. പക്ഷേ അതാണ് ഞങ്ങളുടെ സവിശേഷത. അതാണ് ഞങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സിറ്റിക്ക് ഏതുതരം ശിക്ഷയാണ് ലഭിക്കുക എന്നതാണ് എതിർ ആരാധകർക്ക് അറിയേണ്ട കാര്യം. കനത്ത പിഴയും പോയിന്റ് ഡിഡക്ഷനും ലഭിക്കാൻ സാധ്യതകൾ ഉണ്ട്. എന്നാൽ സിറ്റി റെലഗേറ്റ് വരെ ചെയ്യപ്പെട്ടേക്കാം എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഈ വിഷയത്തിൽ 10 ആഴ്ചയോളമാണ് കോടതിയിലെ ഹിയറിങ് തുടരുക.