ഞങ്ങളുടെ ഏറ്റവും മികച്ച സൈനിങ് : കാസമിറോയെ പുകഴ്ത്തി ടെൻ ഹാഗ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്.ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസിയെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുണൈറ്റഡിന് വേണ്ടി കാസമിറോയാണ് ആദ്യ ഗോൾ നേടിയത്.പിന്നീട് മാർഷ്യൽ,ബ്രൂണോ,റാഷ്ഫോർഡ് എന്നിവർ ഗോളുകൾ നേടുകയായിരുന്നു.ഫെലിക്സാണ് ചെൽസിയുടെ ആശ്വാസഗോൾ സ്വന്തമാക്കിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കാസമിറോ ഇപ്പോൾ ഗോൾ കണ്ടെത്തുന്നത്. കഴിഞ്ഞ ബേൺമൗത്തിനെതിരെയുള്ള മത്സരത്തിലും കാസമിറോ ഗോൾ നേടിയിരുന്നു. ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് രംഗത്ത് വന്നിട്ടുണ്ട്. ഒരു വലിയ താരമാണ് കാസിമിറോയെന്നും അദ്ദേഹത്തിന്റെത് ഒരു മികച്ച സൈനിങ്ങായിരുന്നു എന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
We are 🔙 @ChampionsLeague!! 🔴👊🏽#MUFC #MUNCHE #Sara❤️ pic.twitter.com/qYgS4pgWBt
— Casemiro (@Casemiro) May 25, 2023
“കാസമിറോ ഒരു വലിയ താരമാണ്, മാത്രമല്ല അദ്ദേഹം മികച്ച ഒരു സൈനിങ്ങുമായിരുന്നു.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വളരെ വേഗത്തിൽ അദ്ദേഹം അഡാപ്റ്റായി. ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. ഞങ്ങൾ ശ്രദ്ധിച്ച ഒരു കാര്യം എന്തെന്നാൽ അദ്ദേഹം ഇല്ലെങ്കിൽ മത്സരം വ്യത്യസ്തമായിരിക്കും.അദ്ദേഹം എത്രത്തോളം പ്രധാനപ്പെട്ടവനാണ് എന്നത് ഈ ആഴ്ചയിൽ നിങ്ങൾക്ക് കാണാൻ കഴിയും.രണ്ടുതവണ അദ്ദേഹം ഗോൾ നേടി.ഓരോ മത്സരത്തിലും ആദ്യ ഗോൾ എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.അത്രയും വലിയ ജോലിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. ഞങ്ങൾ വളരെയധികം ഹാപ്പിയാണ് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിൽ നിന്നായിരുന്നു കാസമിറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 27 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭാവത്തിൽ ഇറങ്ങിയ പല മത്സരങ്ങളിലും യുണൈറ്റഡിന് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു.