ജെറാർഡിന്റെ എട്ടാം നമ്പർ വേണ്ടെന്ന് വെച്ച് പത്താം നമ്പർ എടുത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി മാക്ക് ആല്ലിസ്റ്റർ.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർതാരമായ അലക്സിസ് മാക്ക് ആല്ലിസ്റ്ററെ ലിവർപൂൾ സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണിൽ നിന്നാണ് ഈ സൂപ്പർ താരം ലിവർപൂളിൽ എത്തിയിരിക്കുന്നത്.കേവലം 35 മില്യൺ പൗണ്ട് മാത്രമാണ് 24 കാരനായ ഈ താരത്തിന് വേണ്ടി ലിവർപൂൾ ചെലവഴിച്ചിട്ടുള്ളത്. ലിവർപൂളിന്റെ പത്താം നമ്പർ ജേഴ്സിയാണ് ഇനി മാക്ക് ആലിസ്റ്റർ ധരിക്കുക.

ലിവർപൂളിന്റെ ഇതിഹാസതാരമായ സ്റ്റീവൻ ജെറാർഡ് അണിഞ്ഞിരുന്ന എട്ടാം നമ്പർ ജേഴ്സി അവിടെ ലഭ്യമായിരുന്നു. എന്തെന്നാൽ നബി കെയ്റ്റ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. എന്നാൽ ഈ ഐതിഹാസികമായ എട്ടാം നമ്പർ ജഴ്സി എടുക്കാതെ പത്താം നമ്പർ ജേഴ്സി എടുത്തത് എന്തുകൊണ്ടാണ് എന്നത് ഈ അർജന്റീന സൂപ്പർതാരം വ്യക്തമാക്കിയിട്ടുണ്ട്. ഒരുപാട് ചരിത്രമുള്ള ജേഴ്സിയാണ് എട്ടാം നമ്പറെന്നും അതുകൊണ്ടുതന്നെ ആ ജേഴ്സി എടുക്കാൻ ഒരല്പം മടി തോന്നി എന്നുമാണ് മാക്ക് ആലിസ്റ്റർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നോട് ഒരു ദിവസം എന്റെ പിതാവ് ഏത് ജേഴ്സിയാണ് എടുക്കാൻ പോകുന്നത് എന്നുള്ളത് ചോദിച്ചിരുന്നു. അവിടെ ഒരുപാട് ജേഴ്സി നമ്പറുകൾ ലഭ്യമാണ് എന്നുള്ളത് എനിക്കറിയാമായിരുന്നു.പത്താം നമ്പറും എട്ടാം നമ്പറും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ലിവർപൂളിൽ എട്ടാം നമ്പർ വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം അത് സ്റ്റീവൻ ജെറാർഡ് അണിഞ്ഞ നമ്പറാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നമ്പറാണ്, മാത്രമല്ല വളരെയധികം ചരിത്രവുമുണ്ട്.പക്ഷേ എനിക്ക് ഒരല്പം മടി തോന്നി,അതുകൊണ്ടാണ് ഞാൻ പത്താം നമ്പർ എടുക്കാൻ തീരുമാനിച്ചത് ” ഇതാണ് മാക്ക് ആല്ലിസ്റ്റർ പറഞ്ഞിട്ടുള്ളത്.

ഫിലിപ്പെ കൂട്ടിഞ്ഞോ,മൈക്കൽ ഓവൻ തുടങ്ങിയവർ ലിവർപൂളിൽ ധരിച്ചിട്ടുള്ള ജഴ്സി കൂടിയാണ് പത്താം നമ്പർ ജേഴ്സി. നാല് വർഷമാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണ് വേണ്ടി മാക്ക് ആല്ലിസ്റ്റർ കളിച്ചത്.112 മത്സരങ്ങളിൽ പങ്കെടുത്തു. ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയതോടുകൂടിയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *