ജീസസിനും പരിക്ക്, ഇനി അവശേഷിക്കുന്നത് കേവലം പതിമൂന്ന് താരങ്ങൾ മാത്രമെന്ന് പെപ് !

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസിന് കൂടി പരിക്ക് സ്ഥിരീകരിച്ചതോടെ തങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്കാണ് പോവുന്നത് എന്നറിയിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ഇദ്ദേഹം ടീമിലെ താരങ്ങളുടെ അഭവത്തെ കുറിച്ച് സംസാരിച്ചത്. കേവലം പതിമൂന്ന് താരങ്ങളെ മാത്രമാണ് ഇപ്പോൾ തങ്ങൾക്ക് ലഭ്യമായതെന്നും അതിനാൽ തന്നെ അക്കാദമി താരങ്ങളെ ഉപയോഗിക്കാനാണ് നിലവിൽ തന്റെ പദ്ധതിയെന്നും ഗ്വാർഡിയോള വെളിപ്പെടുത്തുകയായിരുന്നു. വോൾവ്‌സിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് സിറ്റിയുടെ മൂന്ന് മത്സരങ്ങളും ബ്രസീലിന്റെ രണ്ട് മത്സരങ്ങളും നഷ്ടമാവുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതോടെ താരത്തെ ബ്രസീൽ ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കരബാവോ കപ്പിൽ ബേൺമൗത്തിനെ സിറ്റി കീഴടക്കിയിരുന്നു. ലിയാം ഡെലപ്, ഫിൽ ഫോഡൻ എന്നീ യുവതാരങ്ങൾ ആയിരുന്നു സിറ്റിക്ക് വേണ്ടി ഗോൾ നേടിയിരുന്നത്. അതിനാൽ തന്നെ വരുന്ന ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിലും ഈ യുവതാരങ്ങളെ ഉപയോഗിക്കാൻ തന്നെയാണ് പെപ്പിന്റെ പദ്ധതി. നിലവിൽ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കെർ സെർജിയോ അഗ്വേറൊ പരിക്ക് മൂലം ദീർഘകാലമായി പുറത്താണ്. താരത്തിന്റെ പകരക്കാരനായിരുന്ന ജീസസിനാണ് ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്. കൂടാതെ റിയാദ് മഹ്റസ്, അയ്മറിക്ക് ലപോർട്ട എന്നിവർ കോവിഡിൽ നിന്നും മുക്തരായിട്ടേ ഒള്ളൂ. കൂടാതെ ഗുണ്ടോഗൻ നിലവിൽ ക്വാറന്റയിനിലുമാണ്. യുവഡിഫൻഡർ എറിക് ഗാർഷ്യയെ അലട്ടുന്നത് തലക്കേറ്റ മുറിവാണ്. എന്നാൽ താരം ഉടൻ തിരിച്ചെത്തും എന്നാണ് അറിയാൻ കഴിയുന്നത്. കൂടാതെ ബെർണാഡോ സിൽവ, ഹോവോ ക്യാൻസെലോ, നിക്കോളാസ് ഓട്ടമെന്റി, ഒലെക്സാണ്ടർ സിൻചെങ്കോ എന്നിവർക്ക് മസിൽ ഇഞ്ചുറിയുമാണ്. ഇതോടെ അക്കാദമി താരമായ ലിയാം ടീമിനൊപ്പം തുടരുമെന്നും പെപ് അറിയിച്ചിട്ടുണ്ട്. പതിമൂന്ന് താരങ്ങൾ ഒള്ളൂ എങ്കിലും തങ്ങൾ വിജയങ്ങൾ തുടരുമെന്ന് പെപ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *