ജനുവരിയിൽ ക്ലബ്ബ് വിട്ടാൽ ചാമ്പ്യൻസ് ലീഗ് കളിക്കാം, പക്ഷേ ക്രിസ്റ്റ്യാനോയെ മുൻനിര ക്ലബ്ബുകൾക്ക് വേണ്ട!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല. മാത്രമല്ല താരത്തെ കൈവിടാൻ യുണൈറ്റഡിന് താല്പര്യമില്ലായിരുന്നു.എന്നാൽ ഈ സീസണിൽ റൊണാൾഡോയെ ഉപയോഗപ്പെടുത്താൻ ടെൻ ഹാഗ് ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടാൻ ടെൻ ഹാഗ് അനുമതി നൽകിയിട്ടുമുണ്ട്.

മികച്ച ഓഫറുകൾ ലഭിച്ചാൽ മാത്രമേ റൊണാൾഡോയെ ജനുവരിയിൽ വിൽക്കുകയുള്ളൂ എന്നുള്ള തീരുമാനത്തിലാണ് യുണൈറ്റഡുള്ളത്. അതേസമയം ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടുകയാണെങ്കിൽ റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള അവസരമുണ്ട്. യുവേഫയുടെ നിയമങ്ങൾ അതിന് അനുവാദം നൽകുന്നുണ്ട്.എന്തെന്നാൽ ഈ സീസണിൽ റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടില്ല.

പക്ഷേ റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കണമെങ്കിൽ ഒരു മുൻനിര ക്ലബ്ബ് തന്നെ അദ്ദേഹത്തെ സ്വന്തമാക്കേണ്ടി വരും. എന്നാൽ ESPN പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം വലിയ ക്ലബ്ബുകൾക്കൊന്നും നിലവിൽ റൊണാൾഡോയെ വേണ്ട എന്നുള്ളതാണ്. വലിയ ക്ലബ്ബുകളിൽ നിന്നും ഓഫർ വന്നാൽ മാത്രമേ യുണൈറ്റഡ് താരത്തെ കൈവിടുകയൊള്ളൂ.

കഴിഞ്ഞ സമ്മറിൽ ചെൽസി,നാപോളി,ബയേൺ എന്നീ ക്ലബ്ബുകളുമായി റൊണാൾഡോയെ ബന്ധപ്പെടുത്തി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ക്ലബ്ബുകൾ ആരും തന്നെ യുണൈറ്റഡിനെ സമീപിച്ചിട്ടില്ല.ചെൽസി എന്നുള്ള സാധ്യത മാത്രമാണ് നിലവിൽ റൊണാൾഡോക്ക് മുന്നിലുള്ളത്. എന്നാൽ അവർ കഴിഞ്ഞ സമ്മറിൽ ഓബമയാങ്ങിനെ സ്വന്തമാക്കിയത് കൊണ്ട് റൊണാൾഡോക്ക് വേണ്ടി നീക്കങ്ങൾ നടത്താനുള്ള സാധ്യത കുറവാണ്. ഇതുകൊണ്ടൊക്കെ തന്നെയും റൊണാൾഡോ ക്ലബ്ബിൽ തന്നെ തുടരുമെന്നാണ് യുണൈറ്റഡ് അധികൃതരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *