ചെൽസി സൂപ്പർ താരത്തെ ഫ്രീയായി സ്വന്തമാക്കും,ബാഴ്സ ഒരുങ്ങിത്തന്നെ!
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. പ്രത്യേകിച്ച് മുന്നേറ്റനിരയാണ് ബാഴ്സ ശക്തിപ്പെടുത്തിയത്.ഫെറാൻ ടോറസ്,ഔബമയാങ്,അഡമ ട്രയോറെ എന്നിവരെയായിരുന്നു ബാഴ്സ സ്വന്തമാക്കിയത്.മിന്നുന്ന പ്രകടനമാണ് ഈ താരങ്ങൾ ഇപ്പോൾ ബാഴ്സക്ക് വേണ്ടി പുറത്തെടുക്കുന്നത്.
ഇനി പ്രതിരോധനിര ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ ബാഴ്സയുള്ളത്.സെന്റർ ബാക്കുമാരായ സാമുവൽ ഉംറ്റിറ്റി,ക്ലമന്റ് ലെങ്ലെറ്റ്,ഓസ്‌ക്കാർ മിങ്കെസ എന്നിവരെയൊക്കെ ഒഴിവാക്കാൻ ബാഴ്സ ഇപ്പോൾ ആലോചിക്കുന്നുണ്ട്.പീക്കെക്കാവട്ടെ 35 വയസ്സ് ആയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ സെന്റർ ബാക്ക് പൊസിഷനിലേക്ക് ഒരു സൂപ്പർ താരത്തെ എത്തിക്കുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ ബാഴ്സയുള്ളത്.ചെൽസിയുടെ ദാനിഷ് താരമായ ആൻഡ്രിയാസ് ക്രിസ്റ്റൻസണെയാണ് ബാഴ്സ സ്വന്തമാക്കാനൊരുങ്ങുന്നത്. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) March 3, 2022
ഈ സീസണോട് കൂടിയാണ് ക്രിസ്റ്റൻസണിന്റെ ചെൽസിയുമായുള്ള കരാർ അവസാനിക്കുക.കരാർ പുതുക്കാൻ താരം താല്പര്യപ്പെടുന്നില്ല. മറിച്ച് എഫ്സി ബാഴ്സലോണയിലേക്ക് എത്താൻ താരത്തിന് താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ ബാഴ്സയുടെ സ്പോർട്ടിംഗ് ഡയറക്ടർ താരത്തിന്റെ ഏജന്റുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.നല്ല രൂപത്തിലാണ് ചർച്ചകൾ മുന്നോട്ടു പോയിട്ടുള്ളത്.താരത്തെ ഫ്രീ ഏജന്റായി സൈൻ ചെയ്യാൻ കഴിയും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്.നേരത്തെ റയലിലേക്ക് പോവാനുള്ള ശ്രമം താരം നടത്തിയിരുന്നുവെങ്കിലും വിഫലമാവുകയായിരുന്നു.
ക്രിസ്റ്റൻസണെ എത്തിക്കാൻ കഴിഞ്ഞാൽ സെന്റർ ബാക്ക് പൊസിഷനിൽ ബാഴ്സക്ക് അതൊരു മുതൽക്കൂട്ടാവും.പീക്കെ,എറിക് ഗാർഷ്യ,അരൗഹോ എന്നിവരുടെ ഒപ്പമായിരിക്കും ക്രിസ്റ്റൻസൺ ഉണ്ടാവുക. ഏതായാലും വരുന്ന ട്രാൻസ്ഫർ ജാലകത്തിലും ബാഴ്സ ഒരു മുന്നേറ്റം നടത്തുമെന്ന് ഉറപ്പാണ്.