ചെൽസി വീണ്ടും പൊട്ടി,താരങ്ങൾക്ക് മുന്നറിയിപ്പുമായി പോച്ചെട്ടിനോ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ചെൽസി പരാജയം ഒരു രുചിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വോൾവ്സ് ചെൽസിയെ തോൽപ്പിച്ചത്.വളരെ മോശം അവസ്ഥയിലൂടെയാണ് ചെൽസി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തുള്ള ചെൽസി ഇതിനോടകം തന്നെ 8 തോൽവികൾ ലീഗിൽ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഇന്നലത്തെ മത്സരത്തിൽ പരാജയപ്പെട്ടതോടുകൂടി പരിശീലകനായ മൗറീസിയോ പോച്ചെട്ടിനോ സ്വന്തം താരങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം മത്സരങ്ങളിൽ നിന്ന് പഠിക്കണമെന്നാണ് അദ്ദേഹം താരങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. മത്സരഫലത്തിൽ വളരെയധികം അസ്വസ്ഥരാണെന്നും പോച്ചെട്ടിനോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Chelsea's hope for 2024 👀 pic.twitter.com/5g8Zb6kSjH
— GOAL (@goal) December 24, 2023
” ഈ മത്സരത്തിന്റെ കാര്യത്തിൽ ഞങ്ങൾ വളരെയധികം അസ്വസ്ഥരാണ്.ശരിക്കും പറഞ്ഞാൽ ഈ മത്സരത്തിൽ ഞങ്ങൾക്ക് കിട്ടിയതിനേക്കാൾ കൂടുതൽ ഞങ്ങൾ അർഹിക്കുന്നുണ്ട്.പക്ഷേ ഞങ്ങൾ ക്ലിനിക്കൽ അല്ലായിരുന്നു,അതുകൊണ്ടുതന്നെ പരാതി പറയുന്നതിൽ അർത്ഥമില്ല.ഒരുപാട് അവസരങ്ങൾ ഞങ്ങൾക്ക് ഒരുക്കാൻ കഴിഞ്ഞു. പക്ഷേ അതൊന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. മത്സരത്തിൽ ആധിപത്യം പുലർത്തി.വിജയിക്കാൻ സാധിച്ചില്ല.ഞങ്ങളുടേത് യുവതാരങ്ങളുടെ ഒരു ടീമാണ്.പക്ഷേ ഇത്തരം മത്സരങ്ങളിൽ നിന്നും അവർ പഠിക്കേണ്ടതുണ്ട്. ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ ഇംപ്രൂവ് ആവാനുണ്ട്. അതിനുവേണ്ടി ഒരുപാട് വർക്ക് ചെയ്യാനുമുണ്ട് ” ഇതാണ് ചെൽസി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ ജാലകങ്ങളിലായി നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള ടീമാണ് ചെൽസി. എന്നാൽ അതൊന്നും ഉപകാരപ്പെട്ടിട്ടില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അതേസമയം ഇന്നലത്തെ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റഫർ എങ്കുങ്കു ഗോൾ കണ്ടെത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതൽ ഉപകാരപ്രദമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.