ചെൽസി വിൽപ്പനക്ക് : വെളിപ്പെടുത്തലുമായി സ്വിസ് ബില്ല്യണയർ!
ചെൽസിയുടെ റഷ്യൻ ഉടമസ്ഥനായ റോമൻ അബ്രമോവിച്ച് നിലവിൽ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.റഷ്യ ഉക്രൈനെതിരെ നടത്തുന്ന യുദ്ധത്തിന്റെ അനന്തരഫലമായി വലിയ രൂപത്തിലുള്ള സമ്മർദ്ദമാണ് നിലവിൽ അബ്രമോവിച്ചിന് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന നേരത്തെ തന്നെ അദ്ദേഹം പുറത്തിറക്കുകയും ചെയ്തിരുന്നു.
ഏതായാലും ചെൽസിയെ വിൽക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ അബ്രമോവിച്ച് നടത്തുന്നത്.ക്ലബ്ബിനെ വിൽക്കാൻ വേണ്ടി അബ്രമോവിച്ച് ഒരു ഓഫറുമായി തന്നെ സമീപിച്ചു എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ സ്വിസ് ബില്ല്യണറായ ഹാൻസോർഗ് വിസ്.എന്നാൽ അദ്ദേഹം ആവശ്യപ്പെടുന്ന തുക കൂടുതലാണെന്നും വിസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 2, 2022
” റഷ്യൻ ഭരണാധികാരിയുടെ അടുത്ത ഉപദേശകനും സുഹൃത്തുമാണ് അബ്രമോവിച്ച്. അതുകൊണ്ടുതന്നെ ഈ ഒരു സാഹചര്യത്തിൽ അദ്ദേഹം ഭീതിയിലാണ്. ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ വില്ലകൾ വിൽക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹമുള്ളത്. എത്രയും പെട്ടെന്ന് ചെൽസിയും ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.എനിക്കും വേറെ മൂന്ന് പേർക്കും അദ്ദേഹത്തിൽ നിന്നും ചെൽസിയുടെ കാര്യത്തിൽ ഓഫർ ലഭിച്ചിരുന്നു. പക്ഷേ ഞാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. എന്തെന്നാൽ അദ്ദേഹം ആവശ്യപ്പെടുന്നത് കൂടുതലാണ്.2 ബില്ല്യൺ പൗണ്ടാണ് ചെൽസി അബ്രമോവിച്ചിന് നൽകാനുള്ളത്. പക്ഷേ ചെൽസിയുടെ പക്കൽ പണമില്ല. അതുകൊണ്ടുതന്നെ ആരാണോ ക്ലബ്ബ് വാങ്ങുന്നത് അവർ ഈ തുക നൽകേണ്ടതുണ്ട്.വിൽക്കുന്ന യഥാർത്ഥ തുക എന്താണ് എന്നുള്ളത് ഇപ്പോഴും അവ്യക്തമാണ്. പക്ഷേ ഞാൻ ഒറ്റക്ക് ഒരിക്കലും ചെൽസിയെ വാങ്ങുകയില്ല. മറിച്ച് എനിക്ക് നിക്ഷേപകരെ ആവശ്യമാണ് ” ഇതാണ് വിസ് പറഞ്ഞിട്ടുള്ളത്.
ഏതായാലും ചെൽസിയെ സംബന്ധിച്ചെടുത്തോളം അവർക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ട് നിലവിൽ പ്രീമിയർലീഗിലെ മൂന്നാം സ്ഥാനക്കാരാണ് ചെൽസി.