ചെൽസി വിടുമോ?പ്രചരിക്കുന്ന വാർത്ത ശരിയോ?പ്രതികരിച്ച് തിയാഗോ സിൽവ!

ചെൽസിയുടെ ബ്രസീലിയൻ സൂപ്പർതാരമായ തിയാഗോ സിൽവയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. അതായത് ഈ സിൽവ ഈ സീസണിന് ശേഷം ചെൽസി വിടാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും തന്റെ മുൻ ക്ലബ്ബായ ഫ്ലുമിനൻസിലേക്ക് തന്നെ മടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നുമായിരുന്നു റിപ്പോർട്ടുകൾ. ഫ്ലുമിനൻസ് ക്ലബ്ബ് അധികൃതരുമായി ചർച്ചകൾ നടത്തിയെന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ ഈ റൂമറുകളോട് ഇപ്പോൾ സിൽവ തന്നെ നേരിട്ട് പ്രതികരിച്ചിട്ടുണ്ട്.ചെൽസിയിൽ തുടരാൻ ആഗ്രഹമുള്ളതുകൊണ്ടാണ് താൻ കോൺട്രാക്ട് പുതുക്കിയത് എന്നാണ് സിൽവ പറഞ്ഞിട്ടുള്ളത്.ചെൽസി വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന രൂപത്തിൽ തന്നെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. സിൽവയുടെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നിലവിൽ എനിക്കും ഫ്ലൂമിനൻസിനും ഇടയിൽ യാതൊന്നും ഇല്ല. ഞാൻ ചെൽസിയുമായി എന്റെ കരാർ പുതുക്കിയത് എനിക്ക് ചെൽസിയിൽ തന്നെ തുടരാൻ ആഗ്രഹമുള്ളതുകൊണ്ടാണ്. ഞാനും ബോർഡും തമ്മിൽ ചർച്ച നടത്തി എന്ന റൂമറുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.അത് വ്യാജമാണ്. ഇതേക്കുറിച്ച് എനിക്കൊന്നും അറിയില്ല എന്നുള്ള കാര്യം ഞാൻ എന്റെ ഭാര്യയോട് തന്നെ പറഞ്ഞിട്ടുണ്ട്. ഞാൻ എപ്പോഴും എന്റെ കോൺട്രാക്ടുകളെ ബഹുമാനിക്കാറുണ്ട് ” ഇതാണ് തിയാഗോ സിൽവ പറഞ്ഞിട്ടുള്ളത്.

2024 വരെയാണ് സിൽവക്ക് കരാർ അവശേഷിക്കുന്നത്. ഈ പ്രസ്താവനയോടുകൂടി താരം ക്ലബ്ബിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പിഎസ്ജിയിൽ നിന്നും ഫ്രീ ഏജന്റായി എത്തിയ ഈ ബ്രസീലിയൻ ഡിഫൻഡർ ക്ലബ്ബിന് വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തിയിട്ടുള്ളത്. ക്ലബ്ബിനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സിൽവക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *