ചെൽസി വിടുകയാണോ? സൂചനകൾ നൽകി തിയാഗോ സിൽവ!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് വേണ്ടിയാണ് ബ്രസീലിയൻ സൂപ്പർതാരമായ തിയാഗോ സിൽവ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. 39 കാരനായ താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ വരുന്ന സമ്മറിലാണ് അവസാനിക്കുക. ഈ കരാർ ചെൽസി ഇതുവരെ പുതുക്കിയിട്ടില്ല. സിൽവ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞുവരുന്നത്.

അത് തന്നെയാണ് സിൽവ ഇപ്പോൾ പറഞ്ഞിട്ടുള്ളതും. ചെൽസിയുമായുള്ള തന്റെ ബന്ധം അവസാനിക്കുകയാണ് എന്ന ഒരു തോന്നലാണ് തനിക്ക് ഇപ്പോൾ ഉള്ളത് എന്നാണ് സിൽവ പറഞ്ഞിട്ടുള്ളത്. ചെൽസി ആരാധകരുമായുള്ള തന്റെ ബന്ധം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഭാവിയിലേക്ക് ഒന്നും തന്നെ ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇവിടെയുള്ള സമയം ആസ്വദിക്കുക എന്നുള്ളത് മാത്രമാണ് ഞാനിപ്പോൾ ഉദ്ദേശിക്കുന്നത്. എന്റെ കരിയർ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട് എന്നത് നമുക്ക് എല്ലാവർക്കും അറിയാം.പക്ഷേ പൂർണ്ണമായും അവസാനിച്ചിട്ടില്ല.എനിക്കിപ്പോഴും മികച്ച പ്രകടനം നടത്താൻ സാധിക്കുന്നുണ്ട്.ചെൽസി ആരാധകരുമായുള്ള എന്റെ ബന്ധം വളരെയധികം അഭിമാനം ഉണ്ടാക്കുന്ന കാര്യമാണ്.വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ അവരെ കീഴടക്കാൻ എനിക്ക് കഴിഞ്ഞു.ഇവിടെ കളിക്കാൻ കഴിയുന്നതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. ഓരോ മത്സരം അവസാനിക്കുമ്പോഴും എന്റെ ചെൽസിയിലെ കരിയർ അവസാനിച്ചു കൊണ്ടിരിക്കുകയാണ് എന്ന ഒരു തോന്നലാണ് എനിക്കുണ്ടാവുന്നത്.പക്ഷേ കളിക്കളത്തിലെ പ്രകടനത്തിൽ ഞാൻ ഹാപ്പിയാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം “ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ആകെ കളിച്ച 21 മത്സരങ്ങളിൽ 20 മത്സരങ്ങളിലും സിൽവ കളിച്ചിട്ടുണ്ട്. പ്രതിരോധ നിരയിൽ പ്രധാനമായും ഈ താരത്തെ തന്നെയാണ് ചെൽസി ഇപ്പോൾ ആശ്രയിക്കുന്നത്.ഇനി കരബാവോ കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ചെൽസിയും ലിവർപൂളും തമ്മിലാണ് ഏറ്റുമുട്ടുക. അതാണ് സില്‍വയെ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സരം.

Leave a Reply

Your email address will not be published. Required fields are marked *