ചെൽസിയുടേത് സമ്പൂർണപ്രകടനം, ടീമിന്റെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് ലംപാർഡ് പറയുന്നു !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി ബേൺലിയെ തകർത്തു വിട്ടത്. സൂപ്പർ താരങ്ങൾ ഗോൾ കണ്ടെത്തിയ മത്സരത്തിൽ മിന്നുന്ന പ്രകടനം തന്നെയാണ് ചെൽസിയുടെ ഭാഗത്ത്‌ നിന്നുണ്ടായത്. മാത്രമല്ല ചെൽസിയുടെ പ്രതിരോധനിരയും ഗോൾകീപ്പിങ്ങും എത്രത്തോളം ശക്തിപ്പെട്ടിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് അവസാനനാലു മത്സരങ്ങളിലെ ഫലങ്ങൾ. നാലു മത്സരങ്ങളിലും ചെൽസി ക്ലീൻഷീറ്റ് നേടിയിരുന്നു. ഇന്നലത്തെ മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചു കൊണ്ട് തിയാഗോ സിൽവ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചെൽസിക്ക് വേണ്ടി സിയെച്ച്, സൗമ, വെർണർ എന്നിവരാണ് ഗോളുകൾ നേടിയത്. ഇപ്പോഴിതാ ചെൽസിയുടെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ ലംപാർഡ്. ചെൽസി ഇന്നലെ നടത്തിയത് ഒരു സമ്പൂർണപ്രകടനമാണെന്നും ചെൽസി നേരായ പാതയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത് എന്നുമാണ് ലംപാർഡ് മത്സരശേഷം പ്രസ്താവിച്ചത്. ടീമിന്റെ ആത്മവിശ്വാസം വർധിച്ചത് സഹായകരമായെന്നും ലംപാർഡ് കൂട്ടിച്ചേർത്തു.

” എനിക്ക് തോന്നുന്നത് ഇതൊരു സമ്പൂർണപ്രകടനമായിരുന്നു എന്നാണ്. ഇവിടെ വന്നു കളിക്കുക എന്നുള്ളത് കടുപ്പമേറിയ കാര്യമാണ്. എതിരാളികൾ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. അത്കൊണ്ട് തന്നെ പ്രതിരോധനിരയിൽ കാര്യമായ വെല്ലുവിളി നിറഞ്ഞിരുന്നു. ടീമിന്റെ വികാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ കാര്യത്തിൽ ഞങ്ങൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് എന്നുള്ളത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. നല്ല രീതിയിൽ തന്നെയാണ് മത്സരം അവസാനിച്ചത്. മുന്നോട്ടുള്ള പ്രയാണത്തിൽ സന്തോഷമുണ്ട്. കൂടുതൽ ദൂരം ഇതുപോലെ സഞ്ചരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനിയും വർക്ക്‌ ചെയ്യേണ്ട ആവിശ്യകതയെ പറ്റി ഞാൻ സംസാരിക്കും. ഏതായാലും വളരെ നിർണായകമായ ഒരു വിജയമാണ് നേടാനായത് ” ലംപാർഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *