ചെൽസിയുടെ പുറത്താക്കൽ, ഒടുവിൽ പ്രതികരണമറിയിച്ച് ലംപാർഡ്!
ഇന്നലെയായിരുന്നു ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി തങ്ങളുടെ പരിശീലകനായ ലംപാർഡിനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. വൻ തുക മുടക്കി ഒട്ടേറെ സൂപ്പർതാരങ്ങളെ ടീമിൽ എത്തിച്ചിട്ടും അതിനൊത്ത പ്രകടനം നടത്താൻ കഴിയാത്തതാണ് ലംപാർഡിന്റെ സ്ഥാനം തെറിക്കാൻ കാരണം. കേവലം 18 മാസം മാത്രമാണ് ലംപാർഡിന് ചെൽസിയെ പരിശീലിപ്പിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനമായിരുന്നു ചെൽസി കാഴ്ചവെച്ചിരുന്നുവെങ്കിലും ഈ സീസണിൽ ചെൽസി തീർത്തും നിറം മങ്ങുകയായിരുന്നു. ഏതായാലും തന്നെ പുറത്താക്കിയതിനോട് ഒടുവിൽ പ്രതികരണമറിയിച്ചിരിക്കുകയാണ് ലംപാർഡ്. ചെൽസിയെ ഇനി മുന്നോട്ടു നയിക്കാൻ കഴിയാത്തതിൽ താൻ നിരാശനാണ് എന്നാണ് ലംപാർഡ് അറിയിച്ചത്. ഇൻസ്റ്റാഗ്രാമിലാണ് ഇദ്ദേഹം ഇതേ കുറിച്ച് എഴുതിയത്.
Frank has spoken. 🤫
— Goal News (@GoalNews) January 25, 2021
” ചെൽസിയെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് ഒരു ആദരവായി കാണുന്നു. ചെൽസി എന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഈ 18 മാസം ആരാധകർ എനിക്ക് നൽകിയ പിന്തുണക്ക് ഞാൻ നന്ദി പറയുന്നു. ഈ സ്ഥാനം ഏറ്റെടുക്കുമ്പോൾ തന്നെ എനിക്കറിയാമായിരുന്നു ഇതൊരു വെല്ലുവിളിയാണെന്ന്. എന്തെന്നാൽ ക്ലബ്ബ് ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത്. ഞങ്ങൾ നേടിയ നേട്ടങ്ങളിലെല്ലാം ഞാൻ അഭിമാനിക്കുന്നു. അക്കാദമി താരങ്ങൾ നടത്തിയ മികച്ച പ്രകടനത്തിലും ഞാൻ അഭിമാനിക്കുന്നു. അവരാണ് ക്ലബ്ബിന്റെ ഭാവി. ക്ലബ്ബിനെ അടുത്ത തലത്തിലേക്ക് എത്തിക്കാനാവിശ്യമായ സമയം ലഭിക്കാത്തതിൽ ഞാൻ നിരാശനാണ്. ക്ലബ്ബിന്റെ ബോർഡിനോടും താരങ്ങളോടും സ്റ്റാഫിനോടും ഞാൻ നന്ദി പറയുന്നു ” ലംപാർഡ് കുറിച്ചു.