ചെൽസിയിൽ ഹാപ്പിയല്ല, ഇന്റർ വിടാൻ പാടില്ലായിരുന്നു : ലുക്കാക്കു!

ഈ സീസണിലായിരുന്നു സൂപ്പർതാരം റൊമേലു ലുക്കാക്കു ഇന്റർ മിലാൻ വിട്ട് ചെൽസിയിലേക്ക് എത്തിയത്. ചെൽസിക്ക് വേണ്ടി പ്രീമിയർ ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ താരം നേടിയിട്ടുണ്ട്.കഴിഞ്ഞ ദിവസം നടന്ന ബ്രെയിറ്റണെതിരെയുള്ള മത്സരത്തിൽ ചെൽസിയുടെ ഏക ഗോൾ നേടിയതും ലുക്കാക്കുവായിരുന്നു.

എന്നാൽ ചെൽസിയിൽ കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല ഇപ്പോൾ മുന്നോട്ടു പോകുന്നത്. പരിശീലകനായ ടുഷേലിനെതിരെ ലുക്കാക്കു വിമർശനമുയർത്തിയിട്ടുണ്ട്. ചെൽസിയിൽ താൻ ഹാപ്പിയല്ലെന്നും ഇന്റർ മിലാൻ വിടാൻ പാടില്ലായിരുന്നു എന്നുമാണ് ലുക്കാക്കു ഇപ്പോൾ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ശാരീരികമായി എനിക്ക് കുഴപ്പങ്ങളൊന്നുമില്ല. പക്ഷേ ചെൽസിയിലെ നിലവിലെ സാഹചര്യത്തിൽ ഞാൻ ഹാപ്പിയല്ല.മറ്റൊരു സിസ്റ്റത്തിലൂടെയാണ് ടുഷേൽ ഇപ്പോൾ കളിപ്പിക്കുന്നത്.ഇതിൽ ഞാൻ ഹാപ്പിയല്ല, അത് സാധാരണയായിട്ടുള്ള ഒരു കാര്യമാണ്. എനിക്ക് ചെയ്യാനുള്ള കാര്യം വിട്ടു നൽകാതിരിക്കുക എന്നുള്ളതാണ്, കൂടാതെ ഒരു പ്രൊഫഷണലായി തുടരുകയും വേണം.ശരിക്കും ഞാൻ ഇന്റർ മിലാൻ വിടാൻ പാടില്ലായിരുന്നു. അതിന് ഞാൻ ആരാധകരോട് ക്ഷമ ചോദിക്കുന്നു.ഇന്റർ എന്റെ ഹൃദയത്തിലാണുള്ളത്. ഇനിയും അവിടെ കളിക്കാനാവമെന്നാണ് എന്റെ പ്രതീക്ഷകൾ. ഇന്ററിലേക്ക് മടങ്ങാൻ ഞാൻ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആഗ്രഹിക്കുന്നു.കരിയറിന്റെ അവസാനത്തിലല്ല, ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ തന്നെ എനിക്ക് ഇന്ററിലേക്ക് മടങ്ങണം ” ഇതാണ് ലുക്കാകു പറഞ്ഞത്.

താരത്തിന്റെ പ്രസ്താവന ചെൽസി ആരാധകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.നിലവിൽ ചെൽസി അത്ര മികച്ച ഫോമിലല്ല കളിക്കുന്നത്. അവസാന അഞ്ച് മത്സരങ്ങളിൽ കേവലം രണ്ട് മത്സരത്തിൽ മാത്രമാണ് ചെൽസിക്ക് വിജയിക്കാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *