ചെൽസിയിൽ മഞ്ഞുരുക്കം, ലുക്കാക്കു തിരിച്ചെത്തിയേക്കും!
കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ വമ്പൻമാരായ ചെൽസി സമനില നേടിയിരുന്നു. ഈ മത്സരത്തിനുള്ള ചെൽസിയുടെ സ്‌ക്വാഡിൽ പോലും സൂപ്പർ താരം റൊമേലു ലുക്കാക്കുവിന് ഇടം നേടാൻ സാധിച്ചിരുന്നില്ല. താരം ഈയിടെ നടത്തിയ വിവാദപ്രസ്താവനക്കുള്ള ശിക്ഷയെന്നോണമാണ് ചെൽസിയുടെ പരിശീലകൻ തോമസ് ടുഷേൽ ലുക്കാക്കുവിനെ സ്‌ക്വാഡിൽ നിന്നും പുറത്താക്കിയത്.
സ്കൈ സ്പോർട്സിന് നൽകിയ ഇന്റർവ്യൂവിൽ ലുക്കാക്കു പരിശീലകനായ തോമസ് ടുഷേലിനെ വിമർശിച്ചിരുന്നു. ചെൽസിയിൽ താൻ ഹാപ്പിയല്ലെന്നും തോമസ് ടുഷേലിന്റെ സിസ്റ്റം ശരിയല്ല എന്നുമായിരുന്നു ലുക്കാക്കു തുറന്നുപറഞ്ഞത്. ഇതിൽ അതൃപ്തനായ ടുഷേൽ ലുക്കാക്കുവിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയായിരുന്നു.
— Murshid Ramankulam (@Mohamme71783726) January 4, 2022
ഏതായാലും ഈ വിഷയത്തിലിപ്പോൾ കാര്യങ്ങൾ അയഞ്ഞിട്ടുണ്ട്. അതായത് ലുക്കാക്കുവും ക്ലബ്ബിന്റെ പ്രതിനിധികളും തമ്മിൽ ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം ഒരു യോഗം സംഘടിപ്പിച്ചിരുന്നു. ഇരു വിഭാഗവും പോസിറ്റീവായ രൂപത്തിൽ തന്നെയാണ് ചർച്ച അവസാനിപ്പിച്ചത്. തന്റെ പ്രസ്താവനയിൽ ലുക്കോ പശ്ചാത്താപം പ്രകടിപ്പിച്ചതായും അറിയാൻ കഴിയുന്നുണ്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
അത്കൊണ്ട് തന്നെ അടുത്ത ടോട്ടൻഹാമിനെതിരായ മത്സരത്തിനുള്ള ചെൽസി ടീമിൽ ലുക്കാക്കു തിരിച്ചെത്തിയേക്കും. ഇക്കാര്യത്തിൽ ഒരു അന്തിമതീരുമാനം ചെൽസി കൈക്കൊണ്ടിട്ടില്ലെങ്കിലും താരത്തെ തിരികെ കൊണ്ട് വരാൻ തന്നെയാണ് ചെൽസിയുടെ പദ്ധതി. ബുധനാഴ്ച രാത്രിയാണ് കരബാവോ കപ്പിൽ ചെൽസി ടോട്ടൻഹാമിനെ നേരിടുക.